National
ക്ഷേത്ര പരിസരത്ത് തെരുവ്നായ്ക്കൾക്ക് മാംസം നൽകിയ സ്ത്രീക്ക് എതിരെ കേസ്
ഏതെങ്കിലും ഒരു മതത്തെ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ ആരാധനാലയം അശുദ്ധമാക്കി എന്നാരോപിച്ചാണ് നടപടി.
മുംബൈ | ക്ഷേത്ര പരിസരത്ത് വെച്ച് തെരുവ് നായ്ക്കൾക്ക് മാംസം നൽകിയ സ്ത്രീക്ക് എതിരെ കേസെടുത്തു. മുംബൈ മഹാലക്ഷ്മി ക്ഷേത്രത്തിന് സമീപം അലഞ്ഞുതിരിയുന്ന നായ്ക്കൾക്കും പൂച്ചകൾക്കും ഭക്ഷണം നൽകിയ സ്ത്രീകൾക്ക് എതിരെയാണ് നടപടി. ഏതെങ്കിലും ഒരു മതത്തെ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ ആരാധനാലയം അശുദ്ധമാക്കി എന്നാരോപിച്ചാണ് നടപടി.
നന്ദിനി ബാലേക്കർ, പല്ലവി പാട്ടീൽ എന്നീ രണ്ട് സ്ത്രീകൾക്കെതിരെ സാമൂഹ്യപ്രവർത്തകയായ ഷീല ഷായാണ് പരാതി നൽകിയത്. തെരുവ് നായ്ക്കൾക്കും പൂച്ചകൾക്കും കോഴിയും മീനും നൽകിയെന്നാണ് ബാലേക്കറിനെതിരായ ആരോപണം. പാട്ടീൽ പരാതിക്കാരനെയും മറ്റുള്ളവരെയും ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നും ഷീല ഷാ ഗാംദേവി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് ബിഎംസിയിലെ രണ്ട് പോലീസുകാരും രണ്ട് വെറ്ററിനറി ഓഫീസർമാരും അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ച് റോഡിലും ക്ഷേത്രത്തിന് സമീപവും അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് മാംസം നൽകരുതെന്ന് ബാലേക്കറിന് നിർദ്ദേശം നൽകി. ഇത് അവഗണിച്ചതിനെ തുടർന്ന് അവർക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
മൃഗങ്ങൾക്ക് ഒരിടത്ത് ഭക്ഷണം നൽകാൻ ബാലേക്കറോട് ആവശ്യപ്പെട്ടെങ്കിലും അവർ അത് അവഗണിച്ചതായി പോലീസ് പറഞ്ഞു. ഭക്തർ പോകുന്ന വഴിയിൽ ബലേക്കർ ഇറച്ചിക്കഷ്ണങ്ങൾ എറിയുമെന്നും പ്രദേശം അശുദ്ധമാകുമെന്നും പരാതിക്കാരൻ പോലീസിനോട് പറഞ്ഞു.
സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.