Kerala
മാസപ്പടി കേസ്; ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു
പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തത്തുല്യമായ നടപടിയാണ് ഇസിഐആര്‍.
തിരുവനന്തപുരം| മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ മാസപ്പടി കൈപ്പറ്റിയെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ഇടി നടപടി. പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തത്തുല്യമായ നടപടിയാണ് ഇസിഐആര്‍.
മാസപ്പടി കേസില്‍ എസ്എഫ്ഐഒയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡിയുടെ നടപടി.
കേസില്‍ ഇഡിയുടെയോ സിബിഐയുടെയോ അന്വേഷണം വേണമെന്ന് പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ അധിക ഹരജി നല്‍കിയിരുന്നു. ഇതിനിടെയാണ് ഇഡിയുടെ നടപടി.
അതേസമയം വീണയ്‌ക്കെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നല്‍കിയ ഹരജി ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും. കേസ് തള്ളണമെന്ന വിജിലന്‍സ് വാദമാണ് ഇന്ന് കോടതി പരിശോധിക്കുക. കരിമണല്‍ ഖനനത്തിന് സി.എം.ആര്‍.എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നും പ്രത്യുപകാരമായി വീണയ്ക്ക് സി.എം.ആര്‍.എല്‍ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് കുഴല്‍നാടന്റെ ആരോപണം.