Kerala
മാസപ്പടി കേസ്; മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്
അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടല്‍ എംഎല്‍എയുടെ ഹരജിയിലാണ് നടപടി.

കൊച്ചി | സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനും ഹൈക്കോടതിയുടെ നോട്ടീസ്.മാസപ്പടി കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മാത്യു കുഴല്‍നാടന്‍ നല്‍കിയ റിവിഷന്‍ ഹരജിയിലാണ് നടപടി. സിഎംആര്‍എല്‍ ഉള്‍പ്പെടെ എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതൊരു സാങ്കേതിക നടപടിയാണെന്നാണ് വിവരം. കോടതിയുടെ പരിഗണനയില്‍ ഹരജി എത്തിയാല്‍ എതിര്‍കക്ഷികള്‍ക്ക് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ അവസരം നല്‍കാന്‍ വേണ്ടിയാണ് നോട്ടീസ് നല്‍കുന്നത്. ഇനി മുഖ്യമന്ത്രിക്കും വീണയ്ക്കും പറയാനുള്ള കാര്യങ്ങള്‍ കോടതി കേള്‍ക്കും .പിന്നീടായിരിക്കും വിഷയത്തില്‍ അന്തിമ വിധിയുണ്ടാവുക.
മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ മാത്യു കുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി കോടതി ഹരജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് റിവിഷന്‍ ഹരജിയുമായി മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചത്.