Kerala
മാസപ്പടി കേസ്; എസ്.എഫ്.ഐ.ഒ അന്വേഷണ സംഘം തിരുവനന്തപുരത്ത് കെ.എസ്.ഐ.ഡി.സിയില്‍
കഴിഞ്ഞ ദിവസം സിഎംആര്‍എല്ലിന്റെ ആലുവയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ സംഘം പരിശോധന നടത്തിയിരുന്നു.
തിരുവനന്തപുരം| വീണ വിജയനെതിരായ മാസപ്പടിക്കേസില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്റ (കെ.എസ്.ഐ.ഡി.സി) തിരുവനന്തപുരത്തെ ഓഫീസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ (എസ്.എഫ്.ഐ.ഒ) പരിശോധന. അല്‍പസമയം മുമ്പാണ് എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തില്‍ നാല് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമാണ് കെ.എസ്.ഐ.ഡി.സി.
കഴിഞ്ഞ ദിവസം സിഎംആര്‍എല്ലിന്റെ ആലുവയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ സംഘം പരിശോധന നടത്തിയിരുന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഓഫീസിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജീവനക്കാര്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ടായിരുന്നു. വീണയുടെ എക്‌സാലോജിക് കമ്പനിക്കെതിരായ പരാതിയാണ് വന്‍കിട സാമ്പത്തിക വഞ്ചനാകേസുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയായ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് ഏറ്റെടുത്തിരിക്കുന്നത്.
അതേസമയം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇന്‍ട്രിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവ് വന്നപ്പോള്‍ രണ്ട് കമ്പനികള്‍ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു സിപിഐഎം പിന്തുണ അറിയിച്ചത്. അതേസമയം മകള്‍ കമ്പനി തുടങ്ങിയത് അമ്മ നല്‍കിയ പണം ഉപയോഗിച്ചാണെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു.