Kerala
മാസപ്പടി കേസ്; മാത്യു കുഴല്‍നാടന്‍ നല്‍കിയ റിവിഷന്‍ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നിരസിച്ച വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് റിവിഷന്‍ ഹരജിയിലെ ആവശ്യം.
തിരുവനന്തപുരം| മാസപ്പടി കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മാത്യു കുഴല്‍നാടന്‍ നല്‍കിയ റിവിഷന്‍ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നിരസിച്ച വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് റിവിഷന്‍ ഹരജിയിലെ ആവശ്യം. ഹരജിയില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ത്തിട്ടില്ല. അതിന് പിന്നിലെ താല്‍പ്പര്യമെന്തെന്ന് അറിയാമെന്ന് കഴിഞ്ഞ ആഴ്ച ഹരജി പരിഗണിക്കവെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതുകൊണ്ട് രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് പരാതി തള്ളാനാവില്ലെന്ന് മാത്യു കുഴല്‍നാടന്‍ ഹരജിയില്‍ വാദമുന്നയിച്ചിരുന്നു. പരാതി വീണ്ടും പുതിയതായി പരിഗണിക്കാന്‍ ഉത്തരവിടണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി, മകള്‍ വീണ വിജയന്‍, സിഎംആര്‍എല്‍ എക്സാലോജിക് എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹരജി മെയ് 6നാണ് വിജിലന്‍സ് കോടതി തള്ളിയത്.