National
യമുനയിൽ വിഷം കലർത്തിയെന്ന ആരോപണത്തിൽ അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുത്തു
ഹരിയാന സർക്കാറിന്റെ പരാതിയിൽ സോണിപത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കെജരിവാളിനെതിരെ കേസെടുത്തത്.
ന്യൂഡൽഹി | ഹരിയാനയിലെ ബി ജെ പി ഗവണ്മെന്റ് യമുനയിൽ വിഷം കലർത്തിയെന്ന് ആരോപണമുന്നയിച്ച എഎപി നേതാവ് അരവിന്ദ് കെജരിവാളിനെതിരെ കേസ് ഫയൽ ചെയ്ത് ഹരിയാന സർക്കാർ. ഹരിയാന സർക്കാറിന്റെ പരാതിയിൽ സോണിപത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കെജരിവാളിനെതിരെ കേസെടുത്തു. തുടർന്ന് ഈ മാസം 17ന് ഹാജരാകാൻ ആവശ്യപ്പെട്ട് കെജരിവാളിന് കോടതി സമൻസ് അയച്ചു.
കെജ്രിവാളിന്റെ നിരുത്തരവാദപരമായ പ്രസ്താവന ഹരിയനായിലെയും ഡൽഹിയിലെയും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തിയിരിക്കുകയാണെന്നും അദ്ദേഹത്തിനെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിപു ഗോയൽ പറഞ്ഞു. കെജ്രിവാളിന്റെ ആരോപണത്തിൽ ഒരു സത്യവുമില്ലെന്നും ഹരിയാന സർക്കാർ കെജരിവാളിനെ വെറുതെ വിടുകയില്ലെന്നും വിപു ഗോയൽ വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷൻ കെജ്രിവാൾ യമുന നദിയിലെ ജലം മലിനമാകാൻ കാരണം ഹരിയാനയിലെ ബിജെപി സർക്കാറാണെന്ന ഗുരുതര ആരോപണം ഉന്നയിച്ചത്. യമുനയിലെ അമോണിയത്തിന്റെ അളവ് അനുവദനീയമായതിനേക്കാൾ 700 മടങ്ങ് കൂടുതലാണെന്നും ഇതിന് കാരണം ഹരിയാനയിലെ ബി ജെ പി സർക്കാർ വെള്ളത്തിൽ വിഷം കലർത്തുന്നതാണെന്നുമായിരുന്നു കെജ്രിവാളിന്റെ ആരോപണം. ഡൽഹിയിലെ ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഹരിയാനയെയും ഉത്തർപ്രദേശിനെയുമാണ്. പക്ഷെ ഹരിയാന സർക്കാർ ഡൽഹിയിയിലേക്കെത്തുന്ന യമുന ജലത്തിൽ വിഷം കലർത്തുകയാണെന്ന് കെജരിവാൾ ആരോപിച്ചു.
ഡൽഹി മുഖ്യമന്ത്രി അതിഷിയുൾപ്പെടെ മറ്റ് എ എ പി നേതാക്കളും പിന്നീട് ഇതേ ആരോപണവുമായി മുന്നോട്ടുവന്നു. ബിജെപിയുടെ ‘ജല ഭീകരതക്ക്’ എതിരെ നടപടി ആവശ്യപ്പെട്ട് ഡെൽഹി ലെഫ്റ്റനന്റ് ഗവർണർ സക്സേനക്കും തിരഞ്ഞെടുപ്പ് കമ്മീഷനും അതിഷി കത്ത് നൽകി. ഇതിന് മറുപടിയായി രാത്രി എട്ട് മണിക്കകം ആരോപണത്തിന് തെളിവ് ഹാജരാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കെജരിവാളിന് നിർദേശം നൽകി.
നേതാക്കൾ പരസ്യമായി പറയുന്ന കാര്യങ്ങൾ അപ്പടി വിശ്വസിക്കുന്നവരാണ് വോട്ടർമാർ. ആ നിലയിൽ കെജരിവാളിന്റെ ആരോപണം നുണയാണെങ്കിൽ അത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ ബാധിക്കും. ശരിയാണെങ്കിൽ രണ്ട് സംസ്ഥാനങ്ങളൾക്കിടയിൽ ശത്രുതക്കും ക്രമസമാധാന പ്രശ്നങ്ങൾക്കും അത് കാരണമാകുന്ന വിഷയമാണ് അതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കത്തിൽ വ്യക്തമാക്കി.
അതേസമയം, രാജ്യ തലസ്ഥാനത്തേക്ക് വിഷജലം ഒഴികിവരുന്നത് തടഞ്ഞു എന്ന അരവിന്ദ് കെജ്രിവാളിന്റെ അവകാശവാദം വസ്തുതാപരമായി തെറ്റാണെന്ന് ഡൽഹി ജല ബോർഡ് പ്രതികരിച്ചു. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ഡെൽഹി ജല അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശില്പ ഷിൻടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചരിത്രം ഒരിക്കലും എ.എ.പിയോട് പൊറുക്കില്ലെന്നും ഹരിയാന ഇതൊരിക്കളും മറക്കില്ലെന്നും നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചിരുന്നു.