Connect with us

Kerala

ഭാസ്‌കര കാരണവര്‍ കേസ് പ്രതി ഷെറിനെതിരെ കേസ്; സഹതടവുകാരിയായ വിദേശ വനിതയെ മര്‍ദിച്ചു

ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയില്‍ മോചനം നല്‍കാന്‍ മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തിരുന്നു.

Published

|

Last Updated

കണ്ണൂര്‍|ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഷെറിനെതിരെ വീണ്ടും കേസ്. സഹതടവുകാരിയായ വിദേശ വനിതയെ  ആക്രമിച്ചതിനാണ് കേസ്. ജയിലില്‍ കഴിയുന്ന ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയില്‍മോചനം നല്‍കാന്‍ മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് ഷെറിനെതിരെ പുതിയ കേസ്.

ഈ മാസം 24നാണ് ഷെറിനും മറ്റൊരു തടവുകാരിയും ചേര്‍ന്ന് വിദേശ വനിതയെ അക്രമിച്ചത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുടിവെള്ളം എടുക്കാന്‍ പോയ വിദേശ വനിതയെ ഇരുവരും തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയുമായിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്. മുമ്പും സഹതടവുകാരുമായി ഷെറിന്‍ പ്രശ്നങ്ങളിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു.

ഷെറിന് ശിക്ഷായിളവ് നല്‍കാനുള്ള തീരുമാനം വിവാദമായിരുന്നു. ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ് നടപടിയെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ ജയിലില്‍ ഇവര്‍ക്ക് വഴിവിട്ട് പരിഗണനകള്‍ ലഭിച്ചിരുന്നതായി സഹതടവുകാര്‍ വെളിപ്പെടുത്തിയിരുന്നു. ജയിലിലെ നല്ല നടപ്പുകൊണ്ടാണ് ശിക്ഷായിളവിന് ഷെറിനെ പരിഗണിച്ചതെന്നായിരുന്നു കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശക സമിതിയുടെ വാദം.

അതേസമയം, വധക്കേസില്‍ ഭാസ്‌കര കാരണവരുടെ ബന്ധുക്കളും ഗവര്‍ണറെ സമീപിച്ചേക്കും. അഭിഭാഷകനുമായി ആലോചിച്ച് തുടര്‍ നടപടിയെന്നാണ് ബന്ധുക്കളുടെ പ്രതികരണം.

 

 

Latest