Connect with us

Kerala

ആംബുലന്‍സിന് വഴി മുടക്കിയ ബസുകള്‍ക്കെതിരെ കേസ്

സൈറണ്‍ മുഴക്കി വന്ന ആംബുലന്‍സ് കണ്ടിട്ടും ഗൗനിക്കാതെ വഴി മുടക്കിയ സ്വകാര്യ ബസുകളെ ആംബുലന്‍സ് ഡ്രൈവറാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്

Published

|

Last Updated

മണലൂര്‍ | അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കി സ്വകാര്യ ബസുകള്‍. മനഃപൂര്‍വം ആംബുലന്‍സിന് വിലങ്ങുതടിയായി മാര്‍ഗ തടസ്സം ഉണ്ടാക്കിയെന്നാണ് പരാതി. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ അന്തിക്കാട് പോലീസ് കേസെടുത്തു. തൃശൂര്‍- വാടാനപ്പള്ളി സംസ്ഥാനപാതയില്‍ ഗതാഗതകുരുക്ക് രൂക്ഷമായ കാഞ്ഞാണി സെന്ററില്‍ കഴിഞ്ഞ ദിവസം വൈകിട്ട് 4.30നാണ് സംഭവം. പുത്തന്‍പീടികയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തൃശൂരിലെ ആശുപത്രിയിലെത്തിക്കാനുള്ള രോഗിയുമായി പോയ പെരിങ്ങോട്ടുകര സര്‍വതോഭദ്രത്തിന്റെ ആംബുലന്‍സാണ് സ്വകാര്യ ബസുകള്‍ മൂലം ദുരിതത്തിലായത്.

ഒരുവരി കുരുക്കില്‍പ്പെട്ട വാഹനങ്ങള്‍ ഉണ്ടെങ്കിലും ആംബുലന്‍സ് പോകുന്ന ഭാഗം ഒഴിവായിരുന്നു. സൈറണ്‍ മുഴക്കി വന്ന ആംബുലന്‍സിനെ കണ്ടിട്ടും ഗൗനിക്കാതെ വഴി മുടക്കിയ സ്വകാര്യ ബസുകളെ ആംബുലന്‍സ് ഡ്രൈവറാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. രണ്ട് ബസുകള്‍ ചേര്‍ന്ന് തെറ്റായ ദിശയില്‍ കയറി വന്ന് ആംബുലന്‍സിന്റെ വഴി തടഞ്ഞു. അഞ്ച് മിനിറ്റിലധികം രോഗിയുമായി ആംബുലന്‍സ് വഴിയില്‍ കിടന്നു.
ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അന്തിക്കാട് എസ് ഐ. കെ അജിത്ത് പറഞ്ഞു. ശ്രീമുരുക, അനുശ്രീ, സെന്റ് മേരീസ് എന്നീ ബസുകളാണ് മാര്‍ഗ തടസ്സം ഉണ്ടാക്കിയതെന്നും പരാതിയില്‍ പറയുന്നു.

രണ്ട് വര്‍ഷം മുമ്പ് സ്വകാര്യ ബസ് ഡ്രൈവര്‍ മനക്കൊടി- ചേറ്റുപുഴയില്‍ വെച്ച് ആംബുലന്‍സിനെ വഴി തടഞ്ഞ് ആശുപത്രിയില്‍ യഥാസമയം എത്തിക്കാനാകാതെ വീട്ടമ്മ മരിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് ബസുകള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് ഇരിങ്ങാലക്കുട ഡിവൈ എസ് പി. കെ ജി സുരേഷ് കുമാര്‍ അറിയിച്ചു.

 

Latest