Connect with us

Kerala

ആശുപത്രിയുടെ കതക് കുത്തിപ്പൊളിച്ച് മോഷണം; നാല് കുട്ടികള്‍ക്കെതിരെ കേസ്

റാന്നി അങ്ങാടി മേനാംതോട്ടം ക്നാനായ മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ കതക് കുത്തിപ്പൊളിച്ച് അകത്തുകടന്നാണ് മോഷണം നടത്തിയത്.

Published

|

Last Updated

പത്തനംതിട്ട | രണ്ട് വര്‍ഷമായി പൂട്ടിക്കിടക്കുന്ന ആശുപത്രിയുടെ കതക് കുത്തിപ്പൊളിച്ച്  അകത്തുകടന്ന് മോഷണം നടത്തിയ സംഭവത്തില്‍ നാലു കുട്ടികള്‍ക്കെതിരെ കേസെടുത്തു. 17 വയസ്സുകാരാണ് മോഷ്ടാക്കള്‍. റാന്നി അങ്ങാടി മേനാംതോട്ടം ക്നാനായ മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ കതക് കുത്തിപ്പൊളിച്ച് സീലിങ് ഫാനുകളും, ബ്രാസ് ടാപ്പുകളും, ഫ്രിഡ്ജിന്റെ കംപ്രസ്സറും ഇലക്ട്രിക്കല്‍ കേബിളുകളും കവര്‍ന്നതായുള്ള അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് റാന്നി പോലീസിന്റെ നടപടി. ആശുപത്രിയുടെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്.

കുട്ടികളോട് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇവര്‍ കുറ്റം സമ്മതിച്ചു. എസ് ഐ. ആര്‍ ശ്രീകുമാര്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികളെ ജെ ജെ ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. ബോര്‍ഡ് ഇവരെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

കുട്ടികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്, മോഷ്ടിച്ച സാധനങ്ങള്‍ റാന്നി ഇട്ടിയപ്പാറയിലെ ആക്രിക്കടയില്‍ നിന്നും പോലീസ് കണ്ടെടുത്തു. റാന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണിന്റെ നേതൃത്വത്തിലാണ് നടപടികള്‍ കൈക്കൊണ്ടത്.

 

Latest