Kerala
ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ കേസ്
മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഈരാറ്റുപേട്ട പോലീസാണ് കേസെടുത്തത്.
കോട്ടയം| ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെതിരെ കേസെടുത്ത് പോലീസ്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഈരാറ്റുപേട്ട പോലീസാണ് കേസെടുത്തത്. യൂത്ത് ലീഗിന്റെ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. കഴിഞ്ഞ അഞ്ചാം തീയതിയാണ് ചാനല്‍ ചര്‍ച്ചയില്‍ പിസി ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയത്.
ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമര്‍ശം. മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി ജലീല്‍, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെല്ലാം ചേര്‍ന്ന് പാലക്കാട്ട് ബിജെപിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും ജോര്‍ജ് ചര്‍ച്ചയില്‍ ആരോപിച്ചു. പിസി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.
വീഡിയോ സഹിതമാണ് ഈരാറ്റുപേട്ട മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, പിഡിപി എന്നീ സംഘടനകള്‍ പിസി ജോര്‍ജിനെതിരെ പരാതി നല്‍കിയത്. ഏഴോളം പരാതികളാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ ഒന്നില്‍ പോലും പോലീസ് ഇതുവരെയും നടപടി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇന്നലെ ഉച്ചയോടെ ഈരാറ്റുപേട്ട പോലീസ് പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് യഹിയ സലീമിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്.
അതേസമയം കേസെടുത്തതിന് പിന്നാലെ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അന്തിമ അനുമതിക്ക് ശേഷമാകും നടപടി. ജോര്‍ജിന് നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യാനാകും സാധ്യത. അറസ്റ്റ് ഒഴിവാക്കാൻ ജോർജ് ഇന്ന് മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചേക്കും.