Connect with us

Kerala

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം; ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

മധ്യമേഖലാ ജയില്‍ ഡി ഐ ജി. പി അജയകുമാര്‍, കാക്കനാട് ജയില്‍ സുപ്രണ്ട് രാജു എബ്രഹാം എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് ആറ് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്

Published

|

Last Updated

തിരുവനന്തപുരം | വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട് സഹായം നല്‍കിയ സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് ഇന്‍ഫോ പാര്‍ക്ക് പോലീസ്. മധ്യമേഖലാ ജയില്‍ ഡി ഐ ജി. പി അജയകുമാര്‍, കാക്കനാട് ജയില്‍ സുപ്രണ്ട് രാജു എബ്രഹാം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന മറ്റ് ആറ് പേര്‍ക്കെതിരെയും കേസെടുത്തു. ഇതിൽ രണ്ട് പേർ വനിതകളാണ്.

നടി ഹണി റോസ് നൽകിയ പരാതിയിൽ കാക്കനാട് ജില്ല ജയിലിൽ റിമാൻഡിൽ കഴിയവെ  പ്രതി ബോബി ചെമ്മണ്ണൂരിന് മധ്യമേഖലാ ജയില്‍ ഡി ഐ ജി. പി അജയകുമാര്‍ ഇടപെട്ട് വഴിവിട്ട സഹായങ്ങള്‍ ചെയ്തു എന്നാണ് ആരോപണം. പ്രതിക്ക് പണം കൈമാറുന്നത് ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇക്കാര്യം ലംഘിച്ച് കാക്കനാട് ജില്ലാ ജയിലില്‍ ബോബി ചെമ്മണ്ണൂരിന് 200 രൂപയുടെ നോട്ട് കൈമാറിയെന്നാണ് കേസ്. സംഭവത്തില്‍ ജയില്‍ വകുപ്പ് അന്വേഷണം നടത്തി റിപോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പി അജയകുമാറിനെയും രാജു എബ്രഹാമിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. കേസിൽ ബോബി ചെമ്മണ്ണൂരിനെ പ്രതിയാക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

Latest