Kerala
കൂത്താട്ടുകുളത്ത് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ കേസ്
സി പി എം തട്ടിക്കൊണ്ടുപോയെന്നാണ് സി പി എം കൗണ്‍സിലറുടെ കുടുംബത്തിന്റെ പരാതി
കൊച്ചി | അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് എടുക്കാനിരിക്കെ കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കലാ രാജുവിനെ സി പി എം തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ കേസെടുത്ത് പോലീസ്. നഗരസഭയിലെ സി പി എം കൗണ്‍സിലറായ കലാ രാജുവിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
സി പി എം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി എന്നിവരടക്കം 45 പേരാണ് പ്രതികള്‍. എല്‍ ഡി എഫ് ഭരണ സമിതിക്ക് എതിരെ ഇന്ന് അവിശ്വാസം ചര്‍ച്ചക്ക് എടുക്കാന്‍ ഇരിക്കെയാണ് രാവിലെ നാടകീയ രംഗങ്ങള്‍ ഉണ്ടായത്.
പോലീസ് നോക്കിനില്‍ക്കെ സി പി എം കൗണ്‍സിലര്‍മാര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന് യു ഡി എഫ് ആരോപിച്ചു. പിന്നീട് ആരോപണവുമായി കലാ രാജുവിന്റെ മക്കളും രംഗത്ത് വന്നു. അതിനിടെ സി പി എം ഏരിയാ കമ്മിറ്റി ഓഫീസിലായിരുന്ന കലാ രാജു തിരിച്ചെത്തി. തുടര്‍ന്ന് സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്ന സി പി എം തങ്ങള്‍ 13 കൗണ്‍സിലര്‍മാരോടും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതുപ്രകാരം കലാ രാജു അടക്കം എല്ലാവരും പാര്‍ട്ടി ഓഫീസിലാണ് ഉണ്ടായിരുന്നതെന്നും പ്രതികരിച്ചു.