Connect with us

vismaya case

വിസ്മയ കേസ്: കിരണിനുള്ള ശിക്ഷ ഇന്ന് വിധിക്കും

വിധി സമൂഹത്തിനുള്ള സന്ദേശമാകണമെന്ന് വിസ്മയയുടെ കുടുംബം

Published

|

Last Updated

കൊല്ലം നിലമേല്‍ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശിക്ഷ ഇന്ന് വിധിക്കും. ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് കിരണിന്‍രെ മേല്‍ തെളിഞ്ഞിരിക്കുന്നത്. രാവിലെ 11ന് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക.
കിരണിന് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന ആവശ്യമാകും പ്രോസിക്യൂഷന്‍ ഉന്നയിക്കുക. പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവു നല്‍കണമെന്നാകും പ്രതിഭാഗത്തിന്റെ വാദം.

സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉള്‍പ്പെടെ വിസ്മയയുടെ ഭര്‍ത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നില്‍ക്കുന്നതാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പോലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളില്‍ അഞ്ചും നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞിരുന്നു. ഐപിസി 304 (ബി), ഗാര്‍ഹിക പീഡനത്തിനെതിരായ 498 (എ), ആത്മഹത്യാ പ്രേരണക്കെതിരായ ഐ പി സി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്.

അതിനിടെ വിസ്മയ കേസിലെ വിധി സമൂഹത്തിനുള്ള സന്ദേശമാകണമെന്ന് അച്ഛന്‍ ത്രിവിക്രമന്‍ നായരും അമ്മ സജിത വി നായരും മാധ്യമങ്ങളോട് പ്രതികരിച്ചു. 4,87, 000 വോയ്‌സ് ക്ലിപ്പുകളാണ് കിരണിന്റെ ഫോണില്‍ നിന്ന് സൈബര്‍ സെല്ലിന് ലഭിച്ചത്. ഓട്ടോമറ്റിക്കായി കോളുകള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്ന് അവന്‍ അറിഞ്ഞില്ലായിരുന്നു. വോയ്‌സ് ക്ലിപ്പുകളനുസരിച്ച് ഇനിയും നിരവധി പ്രതികള്‍ വരും. അവരെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരാനാണ് ഇനിയുള്ള ശ്രമമെന്നും അച്ഛന്‍ വ്യക്തമാക്കി.