Connect with us

Siraj Article

കേസന്വേഷണം: ഭരണകൂടം കര്‍ത്തവ്യം മറക്കരുത്

പോലീസിന്റെ ആധുനികവത്കരണവും ശാസ്ത്രീയമായ പുനഃസംഘടനയുമൊക്കെ കുറച്ചൊക്കെ നടന്നിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും പൂര്‍ണമല്ല. കുറ്റവാളികളെ നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരുന്നതിനുള്ള ആധുനിക സൗകര്യങ്ങളില്‍ പലതും എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇല്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കുറ്റവാളികളെ വിചാരണ ചെയ്ത് ശിക്ഷിക്കുന്നതിന് പോലീസ് സ്റ്റേഷനുകളില്‍ തന്നെ നിയമജ്ഞരുടെയും ഡോക്ടര്‍മാരുടെയും സഹായം കൂടിയേ തീരൂ. പക്ഷേ, ഇതൊന്നും ഇപ്പോഴും ഇന്ത്യയില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം

Published

|

Last Updated

ന്ത്യയില്‍ കേസന്വേഷണങ്ങളും വിചാരണകളും ശിക്ഷയുമെല്ലാം കൃത്യമായി നടക്കുന്നില്ലെന്നത് വസ്തുതയാണ്. പ്രമാദമായ കേസുകളില്‍ പോലും ചാര്‍ജ് ഷീറ്റ് തയ്യാറാക്കി സമയത്ത് സമര്‍പ്പിക്കാന്‍ പോലീസ് തയ്യാറല്ല. പല സങ്കീര്‍ണമായ കേസുകളിലും എഫ് ഐ ആര്‍ പോലും രേഖപ്പെടുത്താതെ കേസ് അവസാനിപ്പിക്കുകയാണ് പതിവ്. അങ്ങനെ കൊടും ക്രിമിനലുകള്‍ വരെ കൂട്ടത്തോടെ ശിക്ഷകളില്‍ നിന്ന് രക്ഷപ്പെടുന്നു. നീതി തേടുന്നവരില്‍ അത് നിരാശ പടര്‍ത്തുന്നു.

സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരും പാവപ്പെട്ടവരും ദളിത് – പിന്നാക്ക – ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുമായ പതിനായിരങ്ങളെ പല സംസ്ഥാനങ്ങളിലും സമയത്ത് ചാര്‍ജ് ഷീറ്റ് പോലും നല്‍കാതെ വര്‍ഷങ്ങളോളം റിമാന്‍ഡ് തടവുകാരായി കല്‍ത്തുറുങ്കില്‍ അടക്കുന്ന വസ്തുതയും നമ്മുടെ മുന്നിലുണ്ട്. ഔദ്യോഗിക സര്‍വേകള്‍ പ്രകാരം, പാവപ്പെട്ട ഈ തടവുകാരില്‍ നല്ലൊരു ശതമാനവും പത്തും പതിനഞ്ചും വര്‍ഷവും അതില്‍ കൂടുതല്‍ കാലവും റിമാന്‍ഡ് തടവുകാരായി കഴിയേണ്ടി വരുന്നു. നീതി നിഷേധിക്കപ്പെട്ട ഇത്തരം തടവുകാര്‍ക്കു വേണ്ടി വിചാരണാ കോടതിയിലും പരമോന്നത കോടതിയിലും പോകാന്‍ ആരുമില്ലാത്തതു കൊണ്ട് നീണ്ട സംവത്സരങ്ങള്‍ ഇക്കൂട്ടര്‍ ജയിലില്‍ തന്നെ കിടക്കേണ്ട സ്ഥിതിയാണുള്ളത്.

കേസന്വേഷണം ശാസ്ത്രീയമായും ഫലപ്രദമായും ഇന്ത്യയില്‍ നടക്കുന്നില്ലെന്നുള്ളത് യാഥാര്‍ഥ്യമാണ്. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കേസന്വേഷണം ശാസ്ത്രീയമായും ഫലപ്രദമായും നടത്തുന്നതിനുമുള്ള പല പദ്ധതികള്‍ക്കും ഈ രാജ്യത്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പക്ഷേ അവയൊന്നും പ്രായോഗിക തലത്തില്‍ എത്തുന്നില്ലെന്ന് മാത്രം. കേസന്വേഷണം ഇപ്പോള്‍ രാജ്യത്ത് വസ്തുനിഷ്ഠമായി നടക്കുന്നില്ലെന്ന് വിളിച്ചറിയിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍ പി ആര്‍ സി) കഴിഞ്ഞ ദിവസം പുറത്തുവിട്ടിരിക്കുന്നത്.

തെളിവുകളില്ലാത്തതിനാല്‍ കുറഞ്ഞ കാലയളവിനുള്ളില്‍ രാജ്യത്ത് ഏഴ് ലക്ഷത്തി അമ്പതിനായിരം കേസുകള്‍ തള്ളിക്കളഞ്ഞതായി ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2020 വരെയുള്ള അഞ്ച് വര്‍ഷത്തെ കാലയളവില്‍ ഐ പി സി, പ്രത്യേക പ്രാദേശിക നിയമങ്ങള്‍ (എസ് എല്‍ എല്‍) പ്രകാരം രജിസ്റ്റര്‍ ചെയ്ത ശരാശരി ഏഴര ലക്ഷം കേസുകള്‍ ഇത്തരത്തില്‍ അവസാനിപ്പിച്ചതായി നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അടിവരയിട്ടു ചൂണ്ടിക്കാട്ടുന്നു. ഈ കേസുകള്‍ക്കാധാരമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും തെളിവുകള്‍ കണ്ടെത്താനാകാത്തതിനാല്‍ ഇവ അവസാനിപ്പിക്കുകയായിരുന്നു. 2016 മുതലാണ് തെളിവുകളുടെ അഭാവത്തില്‍ തള്ളിക്കളഞ്ഞ കേസുകളുടെ കണക്കുകള്‍ എന്‍ സി ആര്‍ ബി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. കുറ്റപത്രം സമര്‍പ്പിക്കാത്ത കേസുകളുടെ കൂട്ടത്തിലാണ് ഇത്തരം കേസുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൃത്യം നടന്നുവെന്ന റിപ്പോര്‍ട്ട് ബന്ധപ്പെട്ട കോടതികളില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നുള്ളതാണ് ഏറെ ശ്രദ്ധേയം.

2016ല്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 14 ശതമാനമാണ് തെളിവുകള്‍ ഇല്ലാതെ തള്ളിക്കളഞ്ഞത്. 2018ല്‍ 17 ശതമാനവും 2019ല്‍ ഇത് 16 ശതമാനവുമായിരുന്നു. 2020ല്‍ ഇത് 12 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്തായാലും അഞ്ച് വര്‍ഷത്തിനിടെ ആകെ കേസുകളുടെ ആറിലൊരു ഭാഗവും തെളിവുകളുടെ അഭാവത്തില്‍ അവസാനിപ്പിച്ചുവെന്ന് ഇന്ത്യ സ്‌പെന്‍ഡ് പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു.

2016-20 കാലയളവിനുള്ളില്‍ 60 ശതമാനം മോഷണക്കേസുകളാണ് തെളിവുകളില്ലാത്തതിനാല്‍ പോലീസ് അവസാനിപ്പിച്ചത്. ഇലക്ട്രിസിറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത 70 ശതമാനം കേസുകളും അവസാനിപ്പിച്ചു. അതുപോലെ ഐ പി സി വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത 70 ശതമാനം കേസുകളും അവസാനിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പരിശീലനം നേടിയ ഉദ്യോഗസ്ഥരും ഫോറന്‍സിക് പരിശോധനകളും ആവശ്യമായി വരുന്ന, ആളുകള്‍ ശാരീരികമായി ആക്രമിക്കപ്പെട്ട കേസുകളാണ് ഇതില്‍ ഭൂരിഭാഗവും.
പോലീസ് ഓരോ സംസ്ഥാനത്തിന്റെയും വിഷയമാണെങ്കിലും ഇന്ത്യയില്‍ ഉടനീളമുള്ള പോലീസ് സേനകള്‍ വ്യവസ്ഥാപരമായ ശേഷി, ഫോറന്‍സിക് പിന്തുണ, പരിശീലനം എന്നിവയുടെ അഭാവമാണ് നേരിടുന്നത് എന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ പോരായ്മ ഓരോ കേസിന്റെയും അന്വേഷണത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ പ്രതികൂലമായി ബാധിക്കാറുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പലപ്പോഴും സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ക്രൈം ബ്രാഞ്ച് പോലുള്ള പ്രത്യേക അന്വേഷണ ഏജന്‍സികളില്‍ എല്ലാ റാങ്കുകളിലുമുള്ള തസ്തികകളില്‍ ഒഴിവുകള്‍ വര്‍ധിച്ചു വരികയാണെന്ന് ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ഡെവലപ്‌മെന്റ് (ബി പി ആര്‍ ഡി) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അന്വേഷണം മെച്ചപ്പെടുത്തി കേസുകള്‍ തീര്‍പ്പാക്കണമെങ്കില്‍ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും മികച്ച നിയമ – വൈദ്യശാസ്ത്ര പാടവമുള്ളവരുടെ സഹായം ആവശ്യമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

നീതിന്യായ പരിപാലനമാണ് ഒരു സര്‍ക്കാറിന്റെ പ്രഥമവും പ്രധാനവുമായ ചുമതല. ക്രിമിനലുകളില്‍ നിന്ന് രാജ്യത്തെ ജനങ്ങളെ രക്ഷിക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഒരു സര്‍ക്കാറിനും മാറിനില്‍ക്കാന്‍ കഴിയുകയില്ല. സ്റ്റേറ്റിന്റെ ഉത്ഭവം തന്നെ അക്രമകാരികളില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. അക്രമികളില്‍ നിന്നും കൊള്ളക്കാരില്‍ നിന്നും ക്രിമിനലുകളില്‍ നിന്നും പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കുക എന്ന സ്റ്റേറ്റിന്റെ ഏറ്റവും പ്രധാന കടമ കൃത്യമായി നിര്‍വഹിക്കുന്നതില്‍ വീഴ്ചകള്‍ സംഭവിക്കരുത്. എന്നാല്‍, ഈ സുപ്രധാന കടമ നിര്‍വഹിക്കുന്ന കാര്യത്തില്‍ തന്നെയാണ് നമ്മുടെ രാജ്യത്തെ സര്‍ക്കാറുകള്‍ ഗുരുതരമായ അലംഭാവം കാണിച്ചുകൊണ്ടിരിക്കുന്നത്. പ്രമാദമായ കേസുകളില്‍ പോലും ക്രിമിനലുകള്‍ക്കെതിരെ ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിയാതെ പോലീസ് സേന പലപ്പോഴും നിസ്സഹായരാകുന്നു. എന്തിന്റെ അഭാവം കൊണ്ടാണെങ്കിലും കേസുകള്‍ നിര്‍വികാരമായി എഴുതിത്തള്ളുന്നത് രാഷ്ട്രത്തിന്റെ കര്‍ത്തവ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ലാതെ മറ്റൊന്നുമല്ല.

പോലീസിന്റെ ആധുനികവത്കരണവും ശാസ്ത്രീയമായ പുനഃസംഘടനയുമൊക്കെ കുറച്ചൊക്കെ നടന്നിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും പൂര്‍ണമല്ല. കുറ്റവാളികളെ നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരുന്നതിനുള്ള ആധുനിക സൗകര്യങ്ങളില്‍ പലതും എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇല്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കുറ്റവാളികളെ വിചാരണ ചെയ്ത് ശിക്ഷിക്കുന്നതിന് പോലീസ് സ്റ്റേഷനുകളില്‍ തന്നെ നിയമജ്ഞരുടെയും ഡോക്ടര്‍മാരുടെയും സഹായം കൂടിയേ തീരൂ. പക്ഷേ, ഇതൊന്നും ഇപ്പോഴും ഇന്ത്യയില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം.
ഇന്ത്യന്‍ പീനല്‍ കോഡില്‍ (ഐ പി സി) വലിയ മാറ്റം വരുത്താനും പീനല്‍ കോഡ് പുതുക്കാനും എല്ലാം നിയമ വകുപ്പും കേന്ദ്ര സര്‍ക്കാറും തീരുമാനിച്ചെങ്കിലും നാളിതുവരെ നടപ്പായിട്ടില്ല. നിലവിലുള്ള ക്രിമിനല്‍ നിയമങ്ങളില്‍ കാലോചിതമായ മാറ്റം വന്നേ മതിയാകൂ. ബ്രിട്ടീഷ് കോളനി ഭരണത്തിന്റെ ഭാഗമായുണ്ടായിരുന്ന ഐ പി സി അതേപടി ഇപ്പോഴും തുടരുന്നതില്‍ എന്ത് ന്യായമാണുള്ളത്? പോലീസ് രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്തുമെന്നുള്ള കേന്ദ്രത്തിന്റെയും വിവിധ സംസ്ഥാനങ്ങളുടെയും പ്രഖ്യാപനങ്ങള്‍ ഇപ്പോഴും കടലാസില്‍ മാത്രം കിടക്കുകയാണ്.
രാജ്യത്തെ പല പോലീസ് സ്റ്റേഷനുകളിലും മതിയായ പോലീസുകാര്‍ ഇല്ല. പ്രമാദമായ ക്രിമിനല്‍ കേസുകളുടെ അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് പോലുള്ള ഏജന്‍സികളിലും ആവശ്യമായ ഉദ്യോഗസ്ഥരില്ല. പോലീസ് ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട സംവിധാനങ്ങളിലെയും ഒഴിവുകള്‍ നികത്തുകയും പോലീസ് സേനയെ സജീവമാക്കുകയും ചെയ്തില്ലെങ്കില്‍ ഫലപ്രദമായ കേസന്വേഷണം ദുഷ്‌കരം തന്നെയായിരിക്കും.

പ്രമാദമായ ക്രിമിനല്‍ കേസുകള്‍ പോലും അന്വേഷണം നടത്താതെ എഴുതിത്തള്ളേണ്ടി വരുന്ന സാഹചര്യം മാറണം. അതിനൊക്കെ അടിയന്തരമായി തന്നെ പരിഹാരം കണ്ടേ മതിയാകൂ. ജനങ്ങള്‍ക്ക് ക്രിമിനലുകളില്‍ നിന്ന് സംരക്ഷണവും നീതിയും ലഭ്യമാക്കാന്‍ രാഷ്ട്രത്തിന് കഴിയണം.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest