Kerala
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണിത്.
കൊച്ചി | നടിയെ ആക്രമിച്ച കേസ് ഇന്ന് സുപ്രിംകോടതിക്ക് മുന്നില്‍. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണിത്.
അതേസമയം, എറണാകുളത്തെ വിചാരണക്കോടതിയില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. 2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. ഫെബ്രുവരി 17, 2017 നാണ് കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ വാഹനത്തില്‍ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുന്നതും, അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും. സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18 ന് തന്നെ നടിയുടെ കാര്‍ ഓടിച്ചിരുന്ന മാര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്യുകയും, പള്‍സര്‍ സുനി എന്ന സുനില്‍കുമാറടക്കമുള്ള 6 പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
ജൂണ്‍ 24 നാണ് കേസിലേക്ക് ദിലീപിന്റെയും സുഹൃത്ത് നാദിര്‍ഷയുടേയും കടന്നുവരവ്. പള്‍സര്‍ സുനി പണം തട്ടാന്‍ ശ്രമിച്ചെന്നാരോപിച്ച ദിലീപ്, തന്റെ മാനേജര്‍ അപ്പുണ്ണിയും പള്‍സര്‍ സുനിയും തമ്മിലുള്ള ഫോണ്‍ സംഭാഷണവും ദിലീപ് വൃത്തങ്ങള്‍ പുറത്തുവിട്ടു.
ജൂണ്‍ 26 ന് ദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു അറസ്റ്റിലായി. അന്നുതന്നെയാണ് സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തല് ദിലീപ് നടത്തിയത്. അക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും അടുത്ത സുഹൃത്തുക്കളാണെന്നാണ് ദിലീപ് പറഞ്ഞത്. ഇത്തരം ആളുകളുമായി കൂട്ടുകൂടുമ്പോള്‍ ഓര്‍ക്കണമെന്നും ദിലീപ് പറഞ്ഞു.
ജൂണ്‍ 30 ന് കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായി കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി. ഇതിനിടെ ദിലീപിന്റെ സഹോദരന്‍ അനൂപ്, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങി ദിലീപ് ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരമായി ബന്ധപ്പെട്ട സിനിമാ പ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്തു. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റില്‍ സുനി എത്തിയിരുന്നു.
ജൂലൈ 10 നാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപ് ജയിലിലാകുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഒടുവില്‍ നാല് തവണയുണ്ടായ ജാമ്യനിഷേധനത്തിന് ശേഷം അഞ്ചാം തവണ ദിലീപിന് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു.