Connect with us

congress leaders attack media

മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസ്;  കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കല്‍ നടപടി

രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍; ഒരാള്‍ക്ക് താക്കീത്- മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന്‍ മാസ്റ്റര്‍ പരസ്യ ഖേദപ്രകടനം നടത്തും

Published

|

Last Updated

കോഴക്കോട് |  സ്വകാര്യ ഹോട്ടലില്‍ നടന്ന ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദിച്ച സംഭവത്തില്‍ പാര്‍ട്ടി തലത്തില്‍ നടപടി. മുന്‍ മാങ്കാവ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി സി പ്രശാന്ത് കുമാര്‍, അരക്കിണര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജീവന്‍ തിരുവച്ചിറ എന്നിവരെ പാര്‍ട്ടിയില്‍നിന്നും സസ്പെന്റ് ചെയ്തു. സംഭവത്തില്‍ ജാഗ്രത കുറവ് കാണിച്ച ഫറോക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുരേഷ് കീച്ചമ്പ്രയെ പരസ്യമായി താക്കീത് ചെയ്യും. യോഗസ്ഥലത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയ മുന്‍ ഡി സി സി പ്രസിഡന്റ് യു രാജീവന്‍ മാസ്റ്റര്‍ മാധ്യമങ്ങളിലൂടെ പരസ്യമായ ഖേദപ്രകടനം നടത്തുമെന്നും ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ അറിയിച്ചു.

പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഡി സി സി നിര്‍ദേശ പ്രകാരം കെ പി സി സി പ്രസിഡന്റാണ് നടപടി സ്വീകരിച്ചത്. 13ന് നടന്ന യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പ്രവൃത്തികള്‍ സംഘടനയുടെ സംസ്‌കാരത്തിന് യോജിച്ചതല്ല. മാധ്യമ പ്രവര്‍ത്തകരില്‍നിന്നും യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളില്‍നിന്നും പ്രസ്സ് ക്ലബ്ബ് ഭാരവാഹികളില്‍നിന്നും മൊഴികളെടുത്തെ ശേഷമാണ് രണ്ടംഗ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി കെ പി സി സി കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.

 

Latest