Kerala
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; കുറ്റപത്രത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയില്ല
സിവില്‍ ഏവിയേഷന്‍ നിയമം ചുമത്തിയതിനാല്‍ ഏപ്രിലാണ് കുറ്റപത്രം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി അയച്ചത്.
തിരുവനന്തപുരം | മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയില്ല. സിവില്‍ ഏവിയേഷന്‍ നിയമം ചുമത്തിയതിനാല്‍ ഏപ്രിലാണ് കുറ്റപത്രം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി അയച്ചത്.
ഓഗസ്റ്റില്‍ സംസ്ഥാനം വീണ്ടും കത്തയച്ചെങ്കിലും എട്ട് മാസമായിട്ടും കേന്ദ്രം അനുമതി നല്‍കിയില്ല. 2002 ജൂണ്‍ 13നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനകത്ത് പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം എല്‍ എയുമായ ശബരിനാഥ്, ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. വിമാനത്തിനുള്ളില്‍ വച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വന്‍ വിവാദമായിരുന്നു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ കൂടെ സഞ്ചരിച്ച ഇ പി ജയരാജന്‍ പ്രതിരോധിച്ചിരുന്നു. സംഭവത്തില്‍ വധശ്രമം, മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫര്‍സീന്‍ മജീദും നവീന്‍കുമാറും നല്‍കിയ പരാതിയില്‍ ഇ പി ജയരാജനെതിരെയും കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പിഎ സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെ എഫ് എം സി കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസെടുത്തത്.