Kerala
യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി
കോഴിക്കോട് | കോഴിക്കോട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. മാത്തോട്ടം സ്വദേശി റസ്സല്‍ ബാബു എന്ന അമ്പാടി ബാബു അരക്കിണര്‍ സ്വദേശി ഹാരിസ് എന്നിവരുമായാണ് വെള്ളയില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും എ സി പി. ടി ജയകുമാറിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് തെളിവെടുപ്പ് നടത്തിയത്.
സംഭവ സ്ഥലത്തെത്തിച്ചും, പ്രതികള്‍ ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിലും മറ്റും കൊണ്ടുപോയുമാണ് തെളിവെടുത്തത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തിരുന്നു.
ഫെബ്രുവരി 27ന് പുലര്‍ച്ചെയാണ് കോയാറോഡ് ബീച്ചിലെ വിജനമായ സ്ഥലത്ത് വെച്ച് യുവാവിനെതിരെ ആക്രമണം നടന്നത്. കോയാറോഡ് പള്ളിക്ക് സമീപം സൃഹുത്തുമൊത്ത് സംസാരിച്ചു നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ ഗുണ്ടാസംഘം മാരകായുധങ്ങളുമായി യുവാവിനെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.
ജില്ലയിലെ സ്വര്‍ണക്കടത്ത്, ഒറ്റ നമ്പര്‍ ലോട്ടറി എന്നിവക്ക് നേതൃത്വം നല്‍കുന്നയാളാണ് റസല്‍ ബാബു. ലഹരി വസ്തുക്കള്‍ നല്‍കിയാണ് കുറ്റകൃത്യത്തിലേക്ക് ഇയാള്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. സ്വര്‍ണ കള്ളക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. 2003 ല്‍ നടന്ന നടക്കാവ് ജയശ്രീ ബേങ്ക് കവര്‍ച്ച ഉള്‍പ്പെടെ പതിനാലോളം മോഷണ, മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് അമ്പാടി ബാബു.
യുവാവിനെ ആക്രമിച്ച കേസില്‍ ഇതുവരെ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ഒളിവില്‍ കഴിയുന്ന ബാക്കിയുള്ളവരെ കുറിച്ചും ആക്രമണം ആസൂത്രണം ചെയ്തയാളെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചതായി പോലീസ് പറയുന്നു.
അവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.