Kerala
ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ്: മൂന്നുപേര്‍ അറസ്റ്റില്‍
വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി അടൂര്‍ മലമേക്കര സ്വദേശിനിയില്‍ നിന്നും പണം തട്ടിയ കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളാണ് പിടിയിലായത്.

പത്തനംതിട്ട | ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേരെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി അടൂര്‍ മലമേക്കര സ്വദേശിനിയില്‍ നിന്നും പണം തട്ടിയ കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളാണ് പിടിയിലായത്.
കൊല്ലം പെരിനാട് വെള്ളിമണ്‍ വിനോദ് ഭവനില്‍ വിനോദ് ബാഹുലേയന്‍ (50), നൂറനാട് ഐരാണിക്കുടി ചെറുമുഖ രോഹിണി നിലയം വീട്ടില്‍ അയ്യപ്പദാസ്‌കുറുപ്പ് (22), ഇയാളുടെ സഹോദരന്‍ മുരുകദാസ് കുറുപ്പ് (29) എന്നിവരെയാണ് അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
2021 മാര്‍ച്ചില്‍ മുരുകദാസും അയ്യപ്പദാസും പരാതിക്കാരിക്ക് വിനോദിനെ പരിചയപ്പെടുത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിനോദ് സര്‍ക്കാര്‍ വകുപ്പുകളില്‍ ഉന്നത ബന്ധമുള്ളയാളാണെന്നും പൊതു പ്രവര്‍ത്തകനാണെന്നും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്നുവെന്നും ഒരുപാട് ആളുകള്‍ക്ക് ജോലി വാങ്ങി നല്‍കിയിട്ടുണ്ടെന്നും മറ്റും യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടര്‍ന്ന് യുവതിയില്‍ നിന്ന് പണം കൈപ്പറ്റുകയായിരുന്നു.
ഏപ്രിലില്‍ മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ക്ലര്‍ക്കായി ജോലിയില്‍ നിയമിച്ചുകൊണ്ടുള്ള വ്യാജ നിയമന ഉത്തരവ് വിനോദ് നല്‍കി. എന്നാല്‍, ജോലിയില്‍ പ്രവേശിക്കുന്നതിന്റെ തലേന്ന് ഫോണില്‍ വിളിച്ച് മറ്റൊരു ദിവസം ജോയിന്‍ ചെയ്താല്‍ മതിയെന്ന് അറിയിക്കുകയായിരുന്നു. പുതിയ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രി മാറിവന്നതിനാല്‍ നിയമനം വൈകുമെന്നും ധരിപ്പിച്ചു. പിന്നീട് നിരവധി തവണ പലഒഴിവുകഴിവുകള്‍ പറഞ്ഞ് ഉഴപ്പിയതിനെ തുടര്‍ന്ന്, സംശയം തോന്നിയ യുവതി നിയമന ഉത്തരവ് ചില സുഹൃത്തുക്കളെ കാണിച്ചപ്പോഴാണ് വ്യാജമാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഒളിവിലായിരുന്ന പ്രതികളെ അടൂര്‍ ഡി വൈ എസ് പി. ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ അടൂര്‍ എസ് ഐ. ആര്‍ രാജീവ്, എസ് സി പി ഒമാരായ സൂരജ്, ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികള്‍ നൂറനാട്, കുണ്ടറ തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി ആളുകളില്‍ നിന്നും ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് മറ്റൊരു കേസ് കൂടി അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസ് നീക്കം. പ്രതികളുടെ തട്ടിപ്പിനിരയായ ആളുകള്‍ അടിയന്തരമായി അടൂര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത്ത് അറിയിച്ചു. വിനോദിന്റെ പേരില്‍ വഞ്ചനാ കേസടക്കം നിരവധി കേസുകള്‍ നിലവിലുള്ളതായി അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട്.
ഒന്നാം പ്രതി വിനോദ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും ഭാരവാഹിയും, ഒരു പാര്‍ട്ടിയുടെ നിയമസഭാ സ്ഥാനാര്‍ഥിയുമായിരുന്നുവെന്നും വ്യക്തമായി. പൊതുപ്രവര്‍ത്തകന്‍ എന്ന തരത്തില്‍ ജനങ്ങളുടെ വിശ്വാസം നേടിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.