Kerala
അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും
റാന്നി നെല്ലിക്കാമണ്‍ പാറക്കല്‍ തെക്കേ കാലായില്‍ ഷിബി സി മാത്യു (40) വിനെയാണ് കോടതി ശിക്ഷിച്ചത്.

പത്തനംതിട്ട | അയല്‍വാസിയെ വെട്ടിക്കൊന്ന യുവാവിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും. റാന്നി നെല്ലിക്കാമണ്‍ പാറക്കല്‍ തെക്കേ കാലായില്‍ ഷിബി സി മാത്യു (40) വിനെയാണ് കോടതി ശിക്ഷിച്ചത്. അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് ജഡ്ജി ജി പി ജയകൃഷ്ണന്റേതാണ് വിധി.
റാന്നി പോലീസ് 2019 ആഗസ്റ്റ് ഒന്നിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി പുറപ്പെടുവിച്ചത്. നെല്ലിക്കാമണ്‍ വെട്ടിമല കണമൂട്ടില്‍ കെ പി മാത്യു (49) ആണ് വെട്ടേറ്റു മരിച്ചത്. പിഴത്തുക മാത്യുവിന്റെ ഭാര്യ ഷൈനി മാത്യുവിന് നല്‍കാനും, അടയ്ക്കാത്തപക്ഷം റവന്യു റിക്കവറിയിലൂടെ ഇടാക്കാവുന്നതാണെന്നും വിധിയില്‍ പറയുന്നു. രണ്ട് വര്‍ഷത്തെ തടവുകൂടി അനുഭവിക്കുകയും വേണം.
2019 ജൂലൈ 31ന് രാത്രിയാണ് വീടിനു സമീപത്ത് വച്ച് മാത്യുവിനു വെട്ടേറ്റത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു രക്തം വാര്‍ന്ന് റാന്നി താലൂക്ക് ആശുപത്രിയിലായിരുന്നു മരണം. ആദ്യം അസ്വാഭാവിക മരണത്തിനാണ് റാന്നി പോലീസ് കേസ് ചെയ്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിനു ശേഷം ഷിബി സി മാത്യു ഒളിവില്‍ പോയി. ഇതില്‍ സംശയം തോന്നിയ പോലീസ് ഇയാളെ പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോള്‍ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.
അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥനാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയതും, അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും. മദ്യപിച്ചാല്‍ മോശമായി പെരുമാറുന്ന പ്രതിയുടെ പിതാവിനെ പൊതുസ്ഥലത്ത് വച്ച് അവഹേളിക്കരുതെന്നും ഉപദ്രവിക്കരുതെന്നും താക്കീത് ചെയ്തിട്ടും കേള്‍ക്കാതെ വന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. കോടതിയില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഹരിശങ്കര്‍ പ്രസാദ് ഹാജരായി. കോടതി നടപടികളില്‍ എ എസ് ഐ. ആന്‍സി പങ്കെടുത്തു.