Connect with us

Kerala

പത്തനംതിട്ടയില്‍ കായിക താരമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; 10 പേര്‍ കൂടി കസ്റ്റഡിയില്‍

ഇന്നലെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

Published

|

Last Updated

പത്തനംതിട്ട| പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ 64 പേര്‍ ലൈംഗീകമായി ദുരുപയോഗം ചെയ്തെന്ന കേസില്‍ പത്തുപേര്‍ കൂടി കസ്റ്റഡിയില്‍. ഇന്നലെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് കൂടുതല്‍ പേര്‍ അറസ്റ്റിലായത്. 64 പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും13 വയസ്സ് മുതല്‍ ചൂഷണത്തിന് ഇരയായതായും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.

പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയ കേസില്‍ ഇന്നലെ അഞ്ച് പേരുടെ അറസ്റ്റ് ആണ് ഇലവുംതിട്ട പോലീസ് രേഖപ്പെടുത്തിയത്. പത്തനംതിട്ട, കോന്നി തുടങ്ങി ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയെ ചൂഷണം ചെയ്തവരില്‍ പരീശീലകരും കായികതാരങ്ങളും സഹപാഠികളും അയല്‍വാസികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. സ്‌കൂളില്‍ വെച്ചും വീട്ടില്‍ വെച്ചും അതിക്രമമുണ്ടായി. പൊതു ഇടത്തിലും ചൂഷണത്തിനിരയായതായി പെണ്‍കുട്ടി പറഞ്ഞു. സൈക്കോളജിസ്റ്റുമായുള്ള കൗണ്‍സിലിങ്ങിനിടെയായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പരാതിയില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഇന്നലെ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ശിശുക്ഷേമ സമിതിക്കു മുന്‍പാകെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 40 പേര്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിക്കു 13 വയസുള്ളപ്പോള്‍, 2019 മുതലാണ് പീഡനം ആരംഭിക്കുന്നത്. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങളെടുത്ത് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തു. നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. ഇത് കണ്ടവരും പെണ്‍കുട്ടിയെ ലൈംഗീകമായി ദുരുപയോഗം ചെയ്തു. മറ്റൊരു പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ട്.

പ്രാഥമിക പരിശോധനയില്‍ തന്നെ 64 പ്രതികളുണ്ടെന്നാണു സൂചന. പത്തനംതിട്ട പോലീസ് സ്റ്റേഷനിലും പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് അപൂര്‍വമാണ്.വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല.

 

Latest