Connect with us

Kerala

വിസ്മയ കേസ്; വിധിയില്‍ പൂര്‍ണ തൃപ്തനാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ്

ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഐ പി സി 304 ബി പ്രകാരം നല്‍കുന്ന പരമാവധി ശിക്ഷയാണ് പത്തുവര്‍ഷം തടവ്. അത് പ്രതിക്ക് ലഭിച്ചു.

Published

|

Last Updated

കൊല്ലം | വിസ്മയ കേസിലെ വിധിയില്‍ പൂര്‍ണ തൃപ്തനാണെന്നും വിധി സമൂഹത്തിന് വലിയ പാഠമാകുമെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഐ പി സി 304 ബി പ്രകാരം നല്‍കുന്ന പരമാവധി ശിക്ഷയാണ് പത്തുവര്‍ഷം തടവ്. അത് പ്രതിക്ക് ലഭിച്ചു. അതിനെക്കാളേറെ പ്രാധാന്യം സ്ത്രീധന നിരോധന നിയമ പ്രകാരം വളരെ കഠിനമായ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത് എന്നതാണ്. ഇത് നാഴികക്കല്ലാണ്.

സ്ത്രീധനവുമായി ബന്ധപ്പെട്ട് സമൂഹത്തിന് മാതൃകയാകുന്ന ശിക്ഷ നല്‍കണമെന്നായിരുന്നു കോടതിയില്‍ ആവശ്യപ്പെട്ടത്. വിസ്മയ കേസിലെ പോരാട്ടം സത്യത്തില്‍ സ്ത്രീധനത്തിനെതിരേയുള്ള യുദ്ധമായാണ് താന്‍ കണക്കാക്കുന്നത്. സ്ത്രീധനമെന്നത് പെണ്‍കുട്ടികളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്ന ഒന്നാണ്. ഇതിനെ സാമൂഹിക വിപത്തായി തന്നെ കാണേണ്ടതാണ്. നിലവിലെ വ്യവസ്ഥിതിയെ മാറ്റാനുള്ള വലിയ പരിശ്രമം വിധിയിലൂടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മോഹന്‍രാജ് പറഞ്ഞു