Kerala
ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണം; കോടതിയെ സമീപിക്കുമെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍
ഇന്ന് തന്നെ വഞ്ചിയൂര്‍ കോടതിയില്‍ ഹരജി നല്‍കുമെന്നും ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും യദു കൃഷ്ണ
തിരുവനന്തപുരം| പാളയത്ത് കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി ബസ് യാത്രക്കാരുടെ യാത്രക്ക് തടസ്സം വരുത്തിയ മേയര്‍ ആര്യ രാജേന്ദ്രനും എം.എല്‍.എ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഡ്രൈവര്‍ യദു കൃഷ്ണ. മദ്യപിച്ചു, ഹാന്‍സ് ഉപയോഗിച്ചു, അശ്ലീല ആംഗ്യം കാണിച്ചു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ പൊതുസമൂഹത്തില്‍ നാണം കെടുത്തിയെന്നും യദു കൃഷ്ണ പറഞ്ഞു. കാറിലുണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നും യദു കൃഷ്ണ പറഞ്ഞു. ഇന്ന് തന്നെ വഞ്ചിയൂര്‍ കോടതിയില്‍ ഹരജി നല്‍കുമെന്നും ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും യദു കൃഷ്ണ അറിയിച്ചു.
അതേസമയം സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും മേയര്‍ ആര്യ രാജേന്ദ്രനുമെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കെ പി സി സി സെക്രട്ടറി അഡ്വ സി ആര്‍ പ്രാണകുമാര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. ഇരുവരുടേയും പ്രവര്‍ത്തി ഏതൊരു പൗരനും പൊതു നിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. ഈ മാസം 27നാണ് പരാതിക്കിടയായ സംഭവം. മേയറും എം എല്‍ എ യും അവരുടെ കാര്‍ പാളയം ജങ്ഷനില്‍ നിരവധി ജനങ്ങളുമായി യാത്ര ചെയ്തുകൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് കുറുകെ ഇടുകയും, ബസിലെ യാത്രകാരുടെ യാത്രയ്ക്ക് തടസം വരുത്തുകയും ചെയ്ത സംഭവം അവകാശ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു.
പൊതു വാഹനങ്ങളും, പൊതു ജനങ്ങളുടെ യാത്രയും ആര്‍ക്കുവേണമെങ്കിലും ഏതു സമയത്തും തടയാം എന്ന തെറ്റായ സന്ദേശമാണ് ഈ സംഭവം സമൂഹത്തിനു നല്‍കുന്നത്. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്കെതിരെ പരാതിയുണ്ടായാല്‍ അത് പരിഹരിക്കാന്‍ നിയമ വ്യവസ്ഥയെ ആശ്രയിക്കുന്നതിനു പകരം ജനങ്ങളുടെ യാത്ര മുടക്കി നിയമം കയ്യിലെടുക്കുന്നത് മനുഷ്യവകാശങ്ങളുടെ ലംഘനമാണ്. അതിനാല്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരുടെ യാത്രയ്ക്ക് തടസ്സം വരുത്തിയ സച്ചിന്‍ ദേവ് എം എല്‍ എയ്ക്കും മേയര്‍ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണമെന്ന് പരാതിയില്‍ പറയുന്നു.