Editorial
കേസ് അട്ടിമറി നീക്കങ്ങള്‍ പലവിധം
ബില്‍ക്കീസ് ബാനു കേസ് കൈകാര്യം ചെയ്യാന്‍ സി ജെ ഐ നിയോഗിച്ചത് ജസ്റ്റിസ് കെ എം ജോസഫും ജസ്റ്റിസ് ബി വി നാഗരത്നയും ഉള്‍പ്പെട്ട ബഞ്ചായിപ്പോയി എന്നതാണ് പ്രശ്നം. അതാണ് കേസ് അനാവശ്യമായി നീട്ടിക്കൊണ്ടു പോയി പുതിയ ബഞ്ച് രൂപവത്കരണത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ കരുക്കള്‍ നീക്കുന്നത്.
ഹിന്ദുത്വ പ്രതികളായ കേസുകള്‍ അട്ടിമറിക്കാന്‍ ഭരണതലത്തില്‍ തന്നെ ശ്രമങ്ങള്‍ നടക്കുന്നുവെന്നത് നേരത്തേയുള്ള ആരോപണമാണ്. ഇതിനു ബലമേകുന്നതാണ് കഴിഞ്ഞ ദിവസം ബില്‍ക്കീസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ഗുജറാത്ത് സര്‍ക്കാര്‍ നേരത്തേ മോചിപ്പിച്ചത് ചോദ്യം ചെയ്തുള്ള ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി ജസ്റ്റിസ് കെ എം ജോസഫ് നടത്തിയ ചില പരാമര്‍ശങ്ങള്‍. ജൂണ്‍ 16ന് കെ എം ജോസഫ് സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കാനിരിക്കുകയാണ്. മധ്യവേനല്‍ അവധിക്ക് മെയ് 19ന് കോടതി അടക്കും. അതിനു മുമ്പായി ബില്‍ക്കീസ് ബാനു കേസ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നുണ്ട് ജസ്റ്റിസ് കെ എം ജോസഫിന്. ഇതിനായി അവധിക്കാലത്തും കേസ് കേള്‍ക്കാന്‍ താന്‍ സന്നദ്ധനാണെന്ന് ഇരു കക്ഷികളെയും അറിയിക്കുകയും ചെയ്തു അദ്ദേഹം. ബില്‍ക്കീസ് ബാനുവിനു വേണ്ടി ഹാജരായ ഇന്ദിര ജയ്സിംഗും വൃന്ദഗ്രോവറും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഭിഭാഷകര്‍ വേനലവധിക്കാലത്ത് കേസ് പരിഗണിക്കുന്നതിനോട് യോജിക്കുകയും ചെയ്തു.
എന്നാല്‍ പ്രതിഭാഗത്തിന് അതിനോട് യോജിപ്പില്ല. ഓരോരോ കാരണങ്ങള്‍ പറഞ്ഞ് കേസ് മനപ്പൂര്‍വം നീട്ടിക്കൊണ്ടു പോകുകയാണവര്‍. പ്രതികളെ നേരത്തേ മോചിപ്പിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാറിനോടും ഗുജറാത്ത് സര്‍ക്കാറിനോടും ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ സമയം ആവശ്യപ്പെട്ട് രേഖകള്‍ ഹാജരാക്കുന്നത് താമസിപ്പിച്ചു കൊണ്ടിരിക്കുന്നു സര്‍ക്കാര്‍ അഭിഭാഷകര്‍. കേസിന്റെ തുടക്കത്തില്‍, പതിനൊന്ന് കുറ്റവാളികളെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പേ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ബില്‍ക്കീസ് ബാനുവടക്കം സമര്‍പ്പിച്ച ഹരജികള്‍ നിലനില്‍ക്കുമോയെന്നതില്‍ ആദ്യം വാദം കേള്‍ക്കണമെന്ന ആവശ്യവുമായി രംഗത്തു വന്നിരുന്നു ഗുജറാത്ത് സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ഈ ആവശ്യം നിരാകരിച്ച് ഹരജികളില്‍ തുടക്കത്തില്‍ തന്നെ വാദം കേള്‍ക്കാന്‍ സന്നദ്ധമാകുകയായിരുന്നു കോടതി. ഇതോടെ ബില്‍ക്കീസ് ബാനു നല്‍കിയ സത്യവാങ്മൂലത്തില്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളുണ്ടെന്ന് ആരോപിച്ച് പുതിയ സത്യവാങ്മൂലം നല്‍കാന്‍ സമയം ആവശ്യപ്പെട്ടു സര്‍ക്കാര്‍ അഭിഭാഷകര്‍. കോടതി നടപടി വൈകിപ്പിക്കുകയാണ് ലക്ഷ്യം.
നീതിന്യായ രംഗത്ത് ഏറെക്കുറെ സത്യസന്ധമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കുന്ന ന്യായാധിപനായാണ് ജസ്റ്റിസ് കെ എം ജോസഫ് അറിയപ്പെടുന്നത്. അദ്ദേഹം ഈ കേസ് വാദം കേട്ട് വിധി പറഞ്ഞാല്‍ അത് പ്രതികള്‍ക്കും സര്‍ക്കാറിനും എതിരാകുമെന്ന് കക്ഷികള്‍ ആശങ്കിക്കുന്നു. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് കെ എം ജോസഫ് സര്‍വീസില്‍ നിന്ന് പിരിയുന്നതു വരെ കേസ് എങ്ങനെയെങ്കിലും നീട്ടിക്കൊണ്ടു പോയി പുതിയൊരു ബഞ്ചിലേക്ക് എത്തിക്കണമെന്നാണ് പ്രതികളുും സര്‍ക്കാറും ആഗ്രഹിക്കുന്നത്. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് ചൊവ്വാഴ്ച കേസില്‍ വാദം കേള്‍ക്കലിനിടെ ജസ്റ്റിസ് കെ എം ജോസഫ് നടത്തിയത്. ‘തന്റെ ബഞ്ച് വാദം കേള്‍ക്കുന്നത് കുറ്റവാളികളുടെ അഭിഭാഷകര്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമായി. ഓരോ തവണയും കേസ് വിളിക്കുമ്പോള്‍ ഒരാള്‍ അല്ലെങ്കില്‍ മറ്റൊരാള്‍ വന്ന് മറുപടി പറയാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നു പറയും. എന്താണ് നിങ്ങളുടെ ലക്ഷ്യമെന്നത് വളരെ വ്യക്തമാണ്. ഇത് മര്യാദയല്ല. വിഷയം അന്തിമ തീര്‍പ്പിനായി ലിസ്റ്റ് ചെയ്യുമെന്ന് കഴിഞ്ഞ തവണ ഞങ്ങള്‍ അറിയിച്ചതാണ്. കേസുകളില്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യാം. എന്നാല്‍ കോടതിയോടുള്ള കടമകള്‍ വിസ്മരിക്കരുത്. നിങ്ങള്‍ കോടതി ഓഫീസര്‍മാരാണെന്ന കാര്യം മറന്ന് പ്രവര്‍ത്തിക്കരുത്’- സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ജസ്റ്റിസ് ജോസഫ് ഓര്‍മിപ്പിച്ചു. ഒടുവില്‍ കേസ് വാദം കേള്‍ക്കലില്‍ നിന്ന് പിന്തിരിയുകയും മറുപടി സമര്‍പ്പിക്കാന്‍ കുറ്റവാളികളുടെ അഭിഭാഷകര്‍ക്ക് മെയ് ഒമ്പത് വരെ സമയം നല്‍കിയിരിക്കുകയുമാണ് ജസ്റ്റിസ് കെ എം ജോസഫ്. വാദം കേള്‍ക്കല്‍ മധ്യകാല വേനലവധിക്കു ശേഷത്തേക്ക് മാറ്റുകയും ചെയ്തു.
നീതിക്കും ന്യായത്തിനും പ്രാമുഖ്യം കല്‍പ്പിക്കുന്നവര്‍, അതിനപ്പുറം ബാഹ്യ താത്പര്യങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ എന്നിങ്ങനെ രണ്ട് തരക്കാരുണ്ട് ന്യായാധിപന്മാരിലെന്നത് ഒരു രഹസ്യമല്ല. പലപ്പോഴും സുപ്രീം കോടതി കേസുകളില്‍ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സി ജെ ഐ) ജഡ്ജിമാരെ നിശ്ചയിക്കുന്നതും ബഞ്ചുകള്‍ രൂപവത്കരിക്കുന്നതും ജഡ്ജിമാരുടെ ഈ മനോഗതം കണക്കിലെടുത്താണ്. 2018ല്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ സുപ്രീം കോടതിയിലെ നാല് പ്രമുഖരായ ജഡ്ജിമാര്‍ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരെ പത്രസമ്മേളനം നടത്താന്‍ ഇടയായതിന്റെ ഒരു കാരണം കോടതി ബഞ്ച് തിരഞ്ഞെടുപ്പിലെ ഈ വിവേചനമായിരുന്നു. രാഷ്ട്രീയമായി പ്രാമുഖ്യമുള്ള അഥവാ കേന്ദ്ര സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകള്‍ കൈകാര്യം ചെയ്യാന്‍ മിക്കപ്പോഴും രണ്ടാമത് പറഞ്ഞ വിഭാഗത്തിലെ ന്യായാധിപന്മാരെയാണ് നിയോഗിക്കാറുള്ളത്. അതിന്റെ ഫലമെന്തെന്ന് ബാബരി മസ്ജിദ് ഭൂമി തര്‍ക്കം, റാഫേല്‍ ആയുധ ഇടപാട്, പൗരത്വ ഭേദഗതി, കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളയല്‍, സി ബി ഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയെ കേന്ദ്ര സര്‍ക്കാര്‍ അധികാരഭ്രഷ്ടനാക്കിയത്, കൊവിഡ് കാലത്തെ കുടിയേറ്റ തൊഴിലാളികളുടെ ദുരിതം തുടങ്ങിയ കേസുകളിലെ വിധിപ്രസ്താവങ്ങളില്‍ നിന്ന് കണ്ടെടുക്കാവുന്നതാണ്. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ഉടനെ സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുകയുമുണ്ടായി. സുപ്രീം കോടതിയിലെ ചില ന്യായാധിപന്മാര്‍ ഏതോ ചില ബാഹ്യ ശക്തികളുടെ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് നീതിനിര്‍വഹണത്തെ ബാധിക്കുന്നതായും സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് 2018 ഡിസംബറില്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ തുറന്നു പറഞ്ഞതാണ്.
ഈ കേസ് കൈകാര്യം ചെയ്യാന്‍ സി ജെ ഐ നിയോഗിച്ചത് ജസ്റ്റിസ് കെ എം ജോസഫും ജസ്റ്റിസ് ബി വി നാഗരത്നയും ഉള്‍പ്പെട്ട ബഞ്ചായിപ്പോയി എന്നതാണ് പ്രശ്നം. അതാണ് കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. എന്നാല്‍, നീതിന്യായ രംഗത്തെ ചില ഹിതകരമല്ലാത്ത പ്രവണതകളിലേക്ക് കൂടുതല്‍ വെളിച്ചം പകരാന്‍ സഹായകമാണ് ജസ്റ്റിസ് കെ എം ജോസഫ് നടത്തിയ വിമര്‍ശങ്ങള്‍.