National
ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍; കുറ്റപത്രം വൈകുന്നതില്‍ സുപ്രീം കോടതി വിമര്‍ശനം
എം പിമാരും എം എല്‍ എമാരും ഉള്‍പ്പെട്ട് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിലാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അന്വേഷണ ഏജന്‍സികളെ രൂക്ഷമായി വിമര്‍ശിച്ചത്.
ന്യൂഡല്‍ഹി| ജനപ്രതിനിധികള്‍ പ്രതികളായ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനേയും സി ബി ഐയേയും വിമര്‍ശിച്ച് സുപ്രീംകോടതി. എം പിമാരും എം എല്‍ എമാരും ഉള്‍പ്പെട്ട് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിലാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അന്വേഷണ ഏജന്‍സികളെ രൂക്ഷമായി വിമര്‍ശിച്ചത്. അന്വേഷണത്തില്‍ എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കില്‍ കുറ്റപത്രം സമര്‍പ്പിക്കണം. അനാവശ്യമായി അത് നീട്ടിക്കൊണ്ടുപോകരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചില കേസുകളില്‍ പത്ത് മുതല്‍ പതിനഞ്ച് വര്‍ഷം വരെ കുറ്റപത്രം സമര്‍പ്പിക്കാത്ത അവസ്ഥയുണ്ട്. ഇതിന് വിശ്വാസ്യ യോഗ്യമായ വിശദീകരണം നല്‍കുന്നില്ലെന്ന് ഇ ഡിയെയും സി ബി ഐയെയും ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു. മറ്റൊരു കേസില്‍ 200 കോടി രൂപയുടെ വസ്തുക്കള്‍ കണ്ടുകെട്ടുകയുണ്ടായി, എന്നാല്‍ ഇതുവരെ ഒന്നും ഫയല്‍ ചെയതിട്ടില്ല. ഇ ഡിയെ പ്രത്യേകം പരാമര്‍ശിച്ചും വിമര്‍ശിച്ചു.
ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയ സോളിസിറ്റര്‍ ജനറല്‍ ചില കേസുകള്‍ കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ കേസുകളിലെ കാലതാമസം ന്യായീകരിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചീഫ് ജസ്റ്റിസ് ഈ വാദത്തെ തള്ളി. ജനപ്രതിനിധികള്‍ക്ക് എതിരെയുള്ള 200 കേസുകളില്‍ എട്ടെണ്ണമാണ് കോടതി സ്റ്റേ ചെയ്തത്. ഇ ഡിയുടേയും സി ബി ഐയിലേയും ഉദ്യോഗസ്ഥരുടെ കുറവിനെക്കുറിച്ചും ഡയറക്ടറുമാരുമായി സംസാരിക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് കോടതി ആവശ്യപ്പെട്ടു.