National
ക്യാഷ് ഓൺ ഡെലിവറി ഓർഡർ; ഡെലിവറി ബോയിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഒരു ലക്ഷം രൂപയുടെ സ്മാർട്ട് ഫോൺ തട്ടിയെടുത്തു
കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിൽ തള്ളി.
![](https://assets.sirajlive.com/2024/10/cash-on-delevery-897x538.jpg)
ലക്നോ | ക്യാഷ് ഓൺ ഡെലിവറി മോഡിൽ ഒരു ലക്ഷം രൂപ വിലവരുന്ന സ്മാർട്ട് ഫോൺ ഓർഡർ ചെയ്ത്, ഫോണുമായി ഡെലിവറി ബോയ് വീട്ടിലെത്തിയപ്പോൾ കഴുത്ത് ഞെരിച്ചുകൊന്ന് ഫോൺ തട്ടിയെടുത്തു. മൃതദേഹം കനാലിൽ തള്ളി. ഭരത് പ്രജാപതി എന്ന 30കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ലക്നോയിലാണ് സംഭവം. കഴിഞ്ഞ മാസം 23 മുതൽ യുവാവിനെ കാണാതായതിനെ തുടർന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു.
സെപതംബർ 23നാണ് ഭരത് പ്രജാപതിയെ പ്രതികളായ ഗജാനനും ആകാശും ചേർന്ന് കൊലപ്പെടുത്തിയത്. ഫ്ലിപ്കാർട്ടിൽ നിന്ന് മറ്റൊരു പ്രതിയായ ഹിമാൻഷു കനൗജിയ ഓർഡർ ചെയ്ത ഗൂഗിൾ പിക്സൽ, വിവോ ഫോണുകൾ ഡെലിവർ ചെയ്യാൻ എത്തിയതായിരുന്നു ഭാരത് പ്രജാപതി. നഗരത്തിലെ ചിൻഹട്ട് ഏരിയയിലുള്ള കനൗജിയയുടെ വീട്ടിൽ എത്തിയ ഭരത് പ്രജാപതിയെ ഗജാനനും ആകാശും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ഇന്ദിര കനാലിൽ തള്ളി. മൃതദേഹം കണ്ടെത്താൻ തിരച്ചിൽ തുടങ്ങിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശശാങ്ക് സിംഗ് പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ സേന (എസ്‌ഡിആർഎഫ്) സാഹുവിൻ്റെ മൃതദേഹം കനാലിൽ തിരയുകയാണ്.
സെപ്തംബർ 25 ന് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പ്രജാപതിയെ വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് ഭരത് പ്രജാപതിയുടെ ഫോൺ കോൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ഗജാനൻ്റെ നമ്പർ കണ്ടെത്തി. ഇതുവഴി നടത്തിയ അന്വേഷണം ഗജാനന്റെ സുഹൃത്ത് ആകാശിലെത്തുകയായിരുന്നു. കനൗജിയയും ആകാശും അറസ്റ്റിലായെങ്കിലും ഗജാനൻ ഒളിവിലാണ്. ഇയാളെ പിടികൂടാൻ തിരച്ചിൽ തുടരുകയാണ്.
ഇത് ആദ്യമായല്ല ഡെലിവറി തൊഴിലാളികൾ ആക്രമിക്കപ്പെടുന്നത്. 2021-ൽ, കവർച്ച ശ്രമത്തിനിടെ ബെംഗളൂരുവിൽ ഒരു ഭക്ഷണ വിതരണ തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. 2022-ൽ നോയിഡയിലെ ഒരു ഡെലിവറി ഏജൻ്റിനെ പേയ്‌മെൻ്റ് തർക്കത്തിൻ്റെ പേരിൽ ഉപഭോക്താക്കൾ മാരകമായി കുത്തിക്കൊലപ്പെടുത്തിയിരന്നു.