Connect with us

Articles

കേരളത്തിലും വേണം ജാതി സെന്‍സസ്

സംവരണം നടപ്പാക്കുന്നതിന് ആദ്യമായി വേണ്ടത് ജാതി സർവേയാണ്. ഇതിന് തയ്യാറാകാത്ത കേന്ദ്ര- സംസ്ഥാന സർക്കാറുകൾ പിന്നാക്ക സാമുദായിക സംവരണം വേണ്ടെന്ന് കരുതുന്നവർ തന്നെയാണ്. എന്തായാലും ബിഹാറിലെ ജാതി സെൻസസും ആന്ധ്രയിലെയും തെലങ്കാനയിലെയും ജാതി സർവേയും രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളിൽ രാഷ്ട്രീയമായ വലിയ ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.

Published

|

Last Updated

സാമുദായിക സംവരണത്തിന്റെ അടിത്തറയായ മണ്ഡൽ കമ്മീഷൻ റിപോർട്ടും അതിന്റെ അടിസ്ഥാനത്തിലുള്ള സുപ്രീം കോടതിയുടെ ഇന്ദ്രാസാഹിനി കേസിലെ (1992) ഐതിഹാസികമായ വിധിയും നാളിതുവരെ രാജ്യത്ത്  പൂർണമായും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. പിന്നാക്ക ജനവിഭാഗങ്ങളുടെ എണ്ണവും വിവരങ്ങളും പോലും സർക്കാറിന്റെ കൈവശമില്ല. വസ്തുതാ വിരുദ്ധമായ ജാതി കണക്കുകളുടെ അടിസ്ഥാനത്തിലാണ് സാമുദായിക സംവരണം ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പിന്നാക്ക സംവരണവും പട്ടികജാതി- പട്ടിക വർഗ സംവരണവും ഒന്നും ഫലപ്രദമായി നടപ്പാക്കാൻ ഇവിടെ കഴിഞ്ഞിട്ടുമില്ല. സംവരണം നടപ്പാക്കുന്നതിന് ആദ്യമായി വേണ്ടത് ജാതി സർവേ തന്നെയാണ്. ഇതിന് തയ്യാറാകാത്ത കേന്ദ്ര സർക്കാർ ആയാലും സംസ്ഥാന സർക്കാറായാലും പിന്നാക്ക സാമുദായിക സംവരണം വേണ്ടെന്ന് കരുതുന്നവർ തന്നെയാണ്. എന്തായാലും ബിഹാറിലെ ജാതി സെൻസസും ആന്ധ്രയിലെയും തെലങ്കാനയിലെയും ജാതി സർവേയും രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളിൽ രാഷ്ട്രീയമായ വലിയ ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.പിന്നാക്ക ജനവിഭാഗങ്ങളാണ് കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ് അടക്കമുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലെയും മഹാഭൂരിപക്ഷം ജനങ്ങളും. ഇക്കൂട്ടരുടെ വികാരം മാനിക്കാതെയും മഹാഭൂരിപക്ഷത്തിന് സാമൂഹ്യനീതി നിഷേധിച്ചുകൊണ്ടും ഒരു സർക്കാറിനും അധിക കാലം മുന്നോട്ട് പോകാൻ കഴിയുകയില്ല. സംസ്ഥാനങ്ങൾക്ക് തന്നെ ജാതി സെൻസസ് നടത്താൻ പരമോന്നത കോടതിയും കേന്ദ്ര സർക്കാറും അനുവാദം നൽകിയിട്ടും ജാതി സെൻസസ് കേന്ദ്രമാണ് നടത്തേണ്ടതെന്ന് പറഞ്ഞ് കൈ കഴുകുന്ന ചില സംസ്ഥാന സർക്കാറുകളും രാജ്യത്തെ ഇടതുപക്ഷവും സ്വന്തം ബാധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ഇപ്പോഴും ചില സംസ്ഥാനങ്ങളിൽ എല്ലാ മേഖലകളിലും സംവരണ വിരുദ്ധ വികാരം ആളിക്കത്തിക്കുന്നതിനുള്ള ശ്രമവും നടന്നുവരികയാണ്.കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഈ രാഷ്ട്രീയ മാറ്റങ്ങൾക്ക് വലിയ പങ്ക് വഹിച്ചത് രാജ്യത്തെ പിന്നാക്ക- ന്യൂനപക്ഷ ജനവിഭാഗങ്ങളാണെന്ന കാര്യത്തിൽ സംശയമില്ല. ഈ മാറ്റങ്ങൾക്ക് അടിസ്ഥാനപരമായ കാരണം കോൺഗ്രസ്സും ഇന്ത്യാ മുന്നണിയും മുന്നോട്ട് വെച്ച ജാതി സെൻസസ് എന്ന പരിപാടിയായിരുന്നു. ബിഹാറിലാണ് ജാതി സെൻസസ് നടപ്പാക്കൽ ആദ്യമുണ്ടായത്. തുടർന്ന് തെലങ്കാന, ആന്ധ്ര, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ജാതിസർവേ നടത്താനുള്ള പ്രഖ്യാപനങ്ങളും നടപടികളും ഉണ്ടായി.

കർണാടക സർക്കാറും ജാതി സർവേ ഇതിനകം നടത്തിക്കഴിഞ്ഞു. പിന്നാക്ക ജനവിഭാഗങ്ങളിൽ വലിയ ആവേശമാണ് ജാതി സർവേ ഉണ്ടാക്കിയിരിക്കുന്നത്.കേന്ദ്ര ഭരണകക്ഷിയായ ബി ജെ പി ജാതി സെൻസസിനെ പല്ലും നഖവും ഉപയോഗിച്ച് ശക്തമായി എതിർത്തുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ മുന്നാക്ക ജനവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ബി ജെ പിക്ക് അതല്ലാതെ മറ്റൊരു സമീപനവും സ്വീകരിക്കാൻ കഴിയില്ല. ഇന്ത്യാ മഹാരാജ്യത്തെ 80 ശതമാനത്തോളം വരുന്ന പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ താത്പര്യങ്ങൾ അവഗണിക്കുന്ന കൂട്ടർക്ക് ഇന്ത്യൻ ജനതയുടെ പിന്തുണ അപ്രാപ്യമാണ്. ഈ തിരഞ്ഞെടുപ്പ് ഇത് രാജ്യത്തോട് വിളിച്ചറിയിക്കുകയും ചെയ്തിരിക്കുകയാണ്. ബഹുഭൂരിപക്ഷം വരുന്ന സമൂഹത്തിലെ പിന്നാമ്പുറങ്ങളിൽ കഴിഞ്ഞുകൂടുന്ന, കൂടുതൽ അവശത അനുഭവിക്കുന്ന പിന്നാക്ക ജനവിഭാഗങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന സമീപനം സ്വീകരിക്കുന്ന ഇടതുപക്ഷമായാലും വലതുപക്ഷമായാലും അവർക്ക് ജനങ്ങളുടെ തിരിച്ചടി ലഭിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ലെന്ന് തെളിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ്. രാജ്യത്തെ പിന്നാക്ക- പട്ടിക ജാതി ജനവിഭാഗങ്ങൾക്ക് ഭരണഘടന വ്യവസ്ഥ ചെയ്യുന്ന സാമുദായിക സംവരണം വർഗീയ വിപത്താണെന്ന് കേരളത്തിലെ പ്ലസ് വൺ പാഠപുസ്തകത്തിൽ അടിവരയിട്ട് പറയുകയാണ്. ഇതിന് പരിഹാരം സാമ്പത്തിക സംവരണമാണെന്ന് പ്ലസ് വൺ സംസ്ഥാന സിലബിസിൽപ്പെട്ട ഹ്യുമാനിറ്റീസ് ഗ്രൂപ്പിലെ സാമൂഹ്യപ്രവർത്തനം എന്ന വിഷയത്തിലെ പാഠഭാഗത്തിൽ പറയുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പിന് വേണ്ടി എസ് സി ഇ ആർ ടി 2019ൽ തയ്യാറാക്കിയ ഈ പാഠഭാഗം സോഷ്യൽ വർക്ക് വിഷയം ഓപ്ഷനായി എടുത്ത കുട്ടികൾ നിർബന്ധമായും പഠിക്കേണ്ടതാണ്. സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏർപ്പെടുത്തണമെന്ന് ഈ പാഠത്തിൽ പറയുന്നു. നമ്മുടെ സംസ്ഥാനത്ത് സ്‌കൂൾ കുട്ടികളെപ്പോലും പിന്നാക്ക സംവരണത്തിനെതിരായി തിരിച്ചുവിടുന്ന പണിയാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്തായാലും ശക്തമായ എതിർപ്പിനെ തുടർന്ന് ഈ പാഠഭാഗം നീക്കം ചെയ്യുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രസ്താവന നടത്തിയിട്ടുണ്ട്. സവർണ താത്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ കേന്ദ്രസർക്കാർ ജാതി സെൻസസ് ഒരിക്കലും നടത്തുകയില്ലെന്ന് ഇപ്പോൾ ജാതി സർവേയിൽ നിന്ന് മാറി നിൽക്കുന്ന എല്ലാ സംസ്ഥാന സർക്കാറുകൾക്കും ബോധ്യമുള്ള കാര്യമാണ്. ജാതി സെൻസസ് നടത്താൻ താത്പര്യമില്ലാത്ത സംസ്ഥാന സർക്കാറുകളാണ് കേന്ദ്രത്തിനെ പഴിചാരി ഈ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തങ്ങളെ തുണച്ച ജാതിസെൻസസ്, സംവരണ പരിധി ഒഴിവാക്കൽ ആവശ്യങ്ങൾ വീണ്ടും ശക്തമായി ഉയർത്താൻ കോൺഗ്രസ്സ് സജീവമായി രംഗത്തുവന്നിരിക്കുകയാണ്. ഭരണമുന്നണിയിലുള്ള ജെ ഡി യുവിന്റെയും ടി ഡി പിയുടെയും രാഷ്ട്രീയ നിലപാടിനനുസൃതമായി ജാതി വിഷയം ഉയർത്തി അവരിൽ ഭിന്നത ഉളവാക്കൽ ഇവരുടെ ലക്ഷ്യമാണ്. ജാതി സംവരണം 50 ശതമാനത്തിലും കൂട്ടുന്നതിന് ഭരണഘടനാ ഭേദഗതി കേന്ദ്രസർക്കാർ കൊണ്ടുവരണമെന്ന് കോൺഗ്രസ്സ് ദേശീയ ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടിരിക്കുകയാണ്.ബിഹാറിലെ സംവരണ ക്വാട്ട വർധിപ്പിക്കുന്നത് ഭരണഘടനയുടെ ഒന്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് ജെ ഡി യു നിർദേശിച്ചതിന് പിന്നാലെയാണിത്.

സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും ജാതി സർവേയുടെ അടിസ്ഥാനത്തിൽ ബിഹാറിൽ പ്രഖ്യാപിച്ച 65 ശതമാനം സംവരണം പാറ്റ്ന ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരായി ബിഹാർ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കയാണ്. കോടതി നിരോധനം മറികടക്കാൻ പാർലിമെന്റിൽ നിയമം കൊണ്ടുവരണമെന്നാണ് കഴിഞ്ഞ ദിവസം ജെ ഡി യു ദേശീയ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടത്. നിതീഷ് കുമാറിന്റെ ജെ ഡി യുവിനെപ്പോലെ ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡുവും ജാതി സെൻസസിനായി ശക്തമായി വാദിക്കുന്നയാളാണ്. 2021ൽ ഈ ആവശ്യമുന്നയിച്ച് നായിഡു നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു. ജെ ഡി യു ഈ ആവശ്യമുന്നയിച്ചത് നല്ലതാണെന്നും എന്നാൽ കേന്ദ്ര- സംസ്ഥാന ബി ജെ പി ഇക്കാര്യത്തിൽ നിശബ്ദരാണെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി. നിതീഷ് ഇന്ത്യാ സഖ്യത്തിനൊപ്പം ഉണ്ടായിരുന്നപ്പോൾ പ്രധാനമായും ഉന്നയിച്ച വിഷയങ്ങളായിരുന്നു ജാതി സെൻസസും സംവരണ പരിധിയും.ബിഹാറിൽ നിതീഷിന്റെ വോട്ടു ബേങ്ക് പൂർണമായും ജാതി സെൻസസ്, സംവരണം തുടങ്ങിയ വിഷയങ്ങളിലൂന്നിയാണ്. എൻ ഡി എയുടെ ഭാഗമാണെങ്കിലും ജാതി സെൻസസ് ആവശ്യവും സംവരണവും ഒഴിവാക്കി മുന്നോട്ടുപോയാൽ ജെ ഡി യുവിന് തിരിച്ചടിയുണ്ടാകുമെന്ന് നേതൃത്വത്തിനറിയാം. ജാതി സെൻസസ് നടത്തുമെന്ന് പറഞ്ഞാണ് നിതീഷ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിവിധ ജാതികളുടെ പിന്നാക്കാവസ്ഥ മനസ്സിലാക്കിവേണം സംവരണാനുകൂല്യം വിതരണം ചെയ്യേണ്ടതെന്ന നിലപാടിലാണ് ചന്ദ്രബാബു നായിഡുവും. എന്തായാലും നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും ഇക്കാര്യത്തിലുള്ള ശക്തമായ നിലപാടും വികാരവും മറികടക്കാൻ വളരെയെളുപ്പത്തിൽ നരേന്ദ്രമോദിക്ക് കഴിയുകയില്ല.സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിച്ച സി പി എം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ജാതിസെൻസസ് പാർട്ടി നടപ്പാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അടുത്ത ദേശീയ സെൻസസിൽ ജാതികോളം കൂടി ചേർത്ത് ജാതി സെൻസസ് നടത്തണമെന്നാണ് ഇതിൽ പറയുന്നത്. കേന്ദ്രമാണ് ജാതി സെൻസസ് നടത്തേണ്ടതെന്നാണ് സി പി എം അഭിപ്രായപ്പെടുന്നത്.

ജാതിസർവേ കേന്ദ്രത്തിന്റെ ചുമരിൽ ചാരി വൃഥാ രക്ഷപ്പെടുന്നതിനുള്ള ശ്രമമാണ് പാർട്ടി നടത്തുന്നത്. ഇന്നത്തെ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഒരു പൊതുസെൻസസ് പോലും നടത്തുമെന്ന് തോന്നുന്നില്ല. അവിടെയാണ് സെൻസസിൽ ജാതികോളം കൂടി ചേർത്ത് കേന്ദ്രം സെൻസസ് നടത്തണമെന്ന് സി പി എം പറയുന്നത്. ഇടതുപക്ഷം അധികാരത്തിലുള്ള ഏക സംസ്ഥാനം കേരളമാണ്. സംസ്ഥാനങ്ങൾക്ക് ജാതിസെൻസസ് നടത്തുന്നതിന് ഇപ്പോൾ യാതൊരു ബുദ്ധിമുട്ടും നിയമതടസ്സവുമില്ല. ജാതി സെൻസസ് സംസ്ഥാനങ്ങൾക്ക് നടത്താമെന്ന് സുപ്രീംകോടതി തന്നെ വിധിച്ചിട്ടുണ്ട്. എന്തായാലും സി പി എം നേതൃത്വത്തിലുള്ള കേരളത്തിലെ ഇടതുപക്ഷ സർക്കാറിന് ജാതി സെൻസസിൽ നിന്ന് ഇനി പിറകോട്ടുപോകാൻ കഴിയുമെന്ന് തോന്നുന്നില്ല. ജാതി സെൻസസിനും സംവരണത്തിനും എതിരായ ശക്തമായ നിലപാടുള്ള മുന്നാക്ക ജാതി പ്രസ്ഥാനങ്ങൾ ഇപ്പോൾ തന്നെ സംസ്ഥാനത്ത് ജാതി സെൻസസിനെതിരായി സജീവമായി രംഗത്താണ്. എൻ എസ് എസ്, സൂറിയാനി ക്രിസ്ത്യൻ എന്നീ മുന്നാക്ക സാമുദായിക സംഘടനകളുടെ സ്വാധീനത്തിന്റെ ഫലമാണ് ജാതി സെൻസസ് സംസ്ഥാനത്ത് നടത്താതിരിക്കുന്നതെന്ന അക്ഷേപവും വ്യാപകമായി ഉയരുന്നുണ്ട്.എന്തായാലും എൻ എസ് എസ്- സൂറിയാനി ക്രിസ്ത്യൻ വിഭാഗങ്ങളിൽ ബഹുഭൂരിപക്ഷവും ഒറ്റക്കെട്ടായി ഇക്കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ബി ജെ പിക്കാണ് വോട്ട് ചെയ്തതെന്ന കാര്യം ആരും ഒളിച്ചുവെച്ചിട്ട് കാര്യമില്ല.

ഇത് കേരള രാഷ്ട്രീയം പഠിക്കുന്ന ആർക്കും ബോധ്യപ്പെടുന്ന കാര്യമാണ്. സാമുദായിക സംവരണത്തിനും ജാതിസെൻസസിനുമെതിരായി ശക്തമായ നിലപാടുള്ള പാർട്ടി ബി ജെ പി ആയതുകൊണ്ടുതന്നെയാണ് ഇക്കൂട്ടർ ബി ജെ പിക്ക് പിന്നിൽ അണിനിരന്നിട്ടുളള്ളതും. ജാതി സെൻസസിനോടുള്ള സി പി എമ്മിന്റെ നിഷേധാത്മക നിലപാടാണ് തിരഞ്ഞെടുപ്പിൽ ദയനീയ തോൽവി പാർട്ടിക്ക് നൽകിയത്. ഇതിൽ നിന്ന് പാഠം പഠിക്കാൻ പാർട്ടി ഇനിയെങ്കിലും തയ്യാറാവണം. അടിയന്തരമായി സംസ്ഥാനത്ത് ജാതിസർവേ നടത്തുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. കേരളത്തിലെ ജനസംഖ്യയിൽ 83 ശതമാനം പിന്നാക്ക ജനവിഭാഗങ്ങളാണല്ലോ. ഹിന്ദു പിന്നാക്കവും മുസ്്ലിം- ക്രിസ്ത്യൻ പിന്നാക്ക വിഭാഗവും ചേർന്നാണ് ഈ സംഖ്യ. ഈ ജനവിഭാഗത്തെ വിസ്മരിച്ചുകൊണ്ട് മുന്നോട്ട് പോകാൻ പിന്നാക്കക്കാരുടെ മാത്രം അടിത്തറയിൽ കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ള സംസ്ഥാനത്തെ ഇടതുപക്ഷത്തിന് ഒരിക്കലും സാധിക്കുകയില്ല. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അടിത്തറയായ  പിന്നാക്ക ജനവിഭാഗത്തിന്റെ വികാരം തൃണവത്ഗണിച്ചുകൊണ്ട് ഇനിയും മുന്നോട്ട് പോയാൽ ഏറ്റവും കടുത്ത പ്രഹരമായിരിക്കും ഭാവിയിൽ ഇടതുപക്ഷത്തിന് ലഭിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പ് തന്നെ അതിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന യാഥാർഥ്യം ഇടതു നേതൃത്വം ഇനിയെങ്കിലും വിസ്മരിക്കാതിരിക്കുക!

Latest