National
ജാതി സെന്‍സസ് വേണം: ബിഎസ്പി അധ്യക്ഷ മായാവതി
ജാതി സെന്‍സസ് ആവശ്യം ഉന്നയിച്ച് ബിജെപിയെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.
ന്യൂഡല്‍ഹി| രാജ്യത്ത് ജാതി സെന്‍സസ് വേണമെന്ന ആവശ്യമുയര്‍ത്തി ബിഎസ്പി അധ്യക്ഷ മായാവതി. ജാതി സെന്‍സസിനായി സമാജ്‌വാദി പാര്‍ട്ടിയും നിതീഷ്‌കുമാറും പ്രചാരണം ശക്തമാക്കുമ്പോഴാണ് മായാവതിയും നിലപാട് വ്യക്തമാക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജാതി സെന്‍സസ് ആവശ്യം ഉന്നയിച്ച് ബിജെപിയെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.
ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ ജാതി സെന്‍സസിനുള്ള ആവശ്യം കടുപ്പിക്കുകയാണ് ഉത്തരേന്ത്യയിലെ പ്രാദേശിക പാര്‍ട്ടികള്‍. ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തെ മറികടക്കാന്‍ ജാതി സെന്‍സസിനാകുമെന്ന കണക്ക് കൂട്ടലിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഈ നീക്കം.
ബിഹാറില്‍ ജെഡിയു-ആര്‍ജെഡി സഖ്യ സര്‍ക്കാര്‍ ജാതി സെന്‍സസിനായുള്ള ആദ്യഘട്ട വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്. പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും സമാന നീക്കം നടത്തുന്നത്.
ഇന്നലെ യുപി നിയമസഭയില്‍ ജാതി സെന്‍സസ് വിഷയം ഉന്നയിച്ച് ബിജെപിക്കെതിരെ അഖിലേഷ് യാദവും പാര്‍ട്ടിയും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.