Connect with us

National

ജാതിസെന്‍സസ് നടപ്പാക്കണം, അഗ്നിപഥ് പദ്ധതി നിര്‍ത്തലാക്കണം;  നിര്‍ദ്ദേശങ്ങളുമായി ജെഡിയു

ബിഹാര്‍, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ അഗ്നിപഥ് പദ്ധതിക്കെതിരെ യുവാക്കള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  ജാതി സെന്‍സസ് നടപ്പാക്കണമെന്നും അഗ്‌നിപഥ് പദ്ധതി പുനപരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ച് സമ്മര്‍ദ്ദം ശക്തമാക്കി ജെ ഡി യു. അഗ്നിനിവീര്‍ പദ്ധതിക്കെതിരെ രാജ്യത്ത് അമര്‍ഷമുണ്ടെന്നും പുനപരിശോധന വേണമെന്നും ജെഡിയു നേതാവ് കെ സി ത്യാഗി പറഞ്ഞു. 2022 ലായിരുന്നു മോദി സര്‍ക്കാര്‍ അഗ്നിപഥ് നടപ്പാക്കിയത്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേര്‍ന്നായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. ബിഹാര്‍, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ അഗ്നിപഥ് പദ്ധതിക്കെതിരെ യുവാക്കള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരുന്നു. സ്ഥിരനിയമനത്തിനുള്ള അവസരവും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു യുവാക്കളുടെ പ്രതിഷേധം.

സര്‍ക്കാര്‍ രൂപീകരണത്തിന് സഖ്യകക്ഷികളായ ടിഡിപിയും ജെ ഡി എസും മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളില്‍ ബിജെപി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.  സ്പീകര്‍ സ്ഥാനം ആവശ്യപ്പെട്ട ടിഡിപിയെ അനുനയിപ്പിക്കാനും മന്ത്രിസഭയില്‍ രണ്ട് പ്രധാന വകുപ്പുകള്‍ നല്‍കാനുമാണ് ബിജെപി നീക്കം. ഐടി, വാണിജ്യം, ട്രാന്‍സ്‌പോര്‍ട്ട് എന്നീ വകുപ്പുകളും നായിഡു ആവശ്യപ്പെട്ടിട്ടുണ്ട്.

എന്‍ഡിഎയില്‍ ഉറച്ചു നില്ക്കുകയാണെന്നും ഇന്ത്യ സഖ്യവുമായി ഒരു ചര്‍ച്ചയുമില്ലെന്നും ടിഡിപി വ്യക്തമാക്കിയിട്ടുണ്ട്. നാല് മന്ത്രിമാര്‍ വേണമെന്നാണ് ജെഡിയു നിര്‍ദ്ദേശിച്ചത്. റെയില്‍വേ, കൃഷി, ഗ്രാമവികസനം എന്നീ വകുപ്പുകളും ജെഡിയു നല്കിയ പട്ടികയില്‍ ഉണ്ട്.

ഇതിനിടെ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിയതായി സൂചന. നേരത്തെ എട്ടിനായിരുന്നു സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജൂണ്‍ 9 ലേക്ക് മാറ്റിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച മോദി തന്റെ രാജിക്കത്ത് കത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് സമര്‍പ്പിച്ചിരുന്നു.

---- facebook comment plugin here -----

Latest