National
ബിഹാറില്‍ ജാതി സെന്‍സസ് ഇന്ന് ആരംഭിക്കും
സെന്‍സസ് നടപടികള്‍ക്ക് മൂന്നരലക്ഷം പേര്‍ക്കാണ് പരിശീലനം നല്‍കിയിരിക്കുന്നത്.
പാട്‌ന| ബിഹാറില്‍ ജാതി സെന്‍സസ് ഇന്ന് തുടങ്ങും. കേന്ദ്രസര്‍ക്കാര്‍ ജാതി സെന്‍സസ് എടുക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് ബിഹാര്‍ കണക്കെടുപ്പ് ആരംഭിക്കാന്‍ തീരുമാനിച്ചത്. മൊബൈല്‍ ആപ്പ് വഴിയാണ് കണക്കെടുപ്പ് നടത്തുക. ആദ്യഘട്ടത്തില്‍ ജാതി തിരിച്ചുള്ള വീടുകളുടെ കണക്കുകളാണ് എടുക്കുക. ജില്ലാ കലക്ടറെ നോഡല്‍ ഓഫീസറായി നിയമിച്ചുകൊണ്ടാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തുന്നത്. സെന്‍സസ് നടപടികള്‍ക്കായി മൂന്നരലക്ഷം പേര്‍ക്കാണ് പരിശീലനം നല്‍കിയിരിക്കുന്നത്. മൊബൈല്‍ ആപ്പ് വഴി വാര്‍ഡ് തലത്തില്‍ വീടുകളുടെ ജാതി തിരിച്ചുള്ള കണക്കുകളാണ് ആദ്യഘട്ടത്തില്‍ ശേഖരിക്കുക. ഈ മാസം 21നകം ഒന്നാംഘട്ടം പൂര്‍ത്തിയാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രണ്ടാംഘട്ടത്തില്‍ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി, കുടുംബങ്ങളിലെ അംഗങ്ങള്‍, വാര്‍ഷിക വരുമാനം എന്നിവയും ശേഖരിക്കും.
സര്‍ക്കാര്‍ പട്ടികയില്‍ ജാതി രേഖപ്പെടുത്താത്തവര്‍ ജാതി തെളിയിക്കുന്നതിനായി സര്‍ട്ടിഫിക്കറ്റ് വിവരശേഖരണം നടത്തുന്നവര്‍ക്ക് മുന്‍പില്‍ ഹാജരാക്കണം. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ജാതി സെന്‍സസ് പോര്‍ട്ടലിലേക്ക് മൊബൈല്‍ ആപ്പ് വഴി കൈമാറും. തൊഴിലുറപ്പ് ജീവനക്കാര്‍, അംഗന്‍വാടി ജീവനക്കാര്‍, അധ്യാപകര്‍ തുടങ്ങീ സമൂഹത്തിന്റെ വിവിധതുറകളില്‍ ഉള്ളവരെയാണ് സെന്‍സസ് നടപടികള്‍ക്കായി സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.