Connect with us

Kerala

ദേവസ്വം ബോര്‍ഡിന്റെ ജാതി വിവേചനം: പെരുനാട് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് ദര്‍ശനം

പ്രതിഷേധം എസ് എന്‍ ഡി പിയുടെ നേതൃത്വത്തില്‍

Published

|

Last Updated

പത്തനംതിട്ട | ദേവസ്വം ബോര്‍ഡിന്റെ ജാതി വിവേചനത്തിനെതിരെ എസ് എന്‍ ഡി പി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിച്ചു സമരം നടത്തി. റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് ഭക്തര്‍ ഷര്‍ട്ട് ധരിച്ച് കയറിയത്. എല്ലാ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ച് കയറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്.

സ്ത്രീകള്‍ മുടി അഴിച്ചിട്ടും പുരുഷന്മാര്‍ ഷര്‍ട്ട്, ബനിയന്‍, കൈലി എന്നിവ ധരിച്ചും ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന ബോര്‍ഡ് ക്ഷേത്രത്തില്‍ തൂക്കിയിട്ടുണ്ട്. ക്ഷേത്രം നിലനില്‍ക്കുന്ന പഞ്ചായത്തായ പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകള്‍ സമീപ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എസ് എന്‍ ഡി പി ശാഖകളിലെ ഭക്തരാണ് ഷര്‍ട്ടിടാതെ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ശബരിമലയില്‍ തിരുവാഭരണം ചാര്‍ത്തി തിരുവാഭരണ ഘോഷയാത്ര മടങ്ങി വരുമ്പോള്‍ തിരുവാഭരണം വിഗ്രഹത്തില്‍ ചാര്‍ത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നു കൂടിയാണ് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം.

ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മേല്‍ശാന്തി പറഞ്ഞു ഷര്‍ട്ട് ധരിച്ചു കയറരുതെന്ന് എന്നാല്‍ തങ്ങള്‍ സമാധാനപരമായി പ്രാര്‍ത്ഥിക്കാന്‍ എത്തിയതാണെന്നും മറ്റ് പ്രശ്നങ്ങള്‍ ഇല്ലെന്നും ഷര്‍ട്ട് ധരിച്ചു കയറുക എന്നതാണ് തങ്ങളുടെ തീരുമാനമെന്ന് അറിയിച്ചതായും എസ് എന്‍ ഡി പി അംഗംങ്ങള്‍ പറഞ്ഞു. കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ ബാലു എന്ന യുവാവിനെ ക്ഷേത്ര ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തി വിവേചനം കാട്ടിയ തന്ത്രിയുടെ പ്രവണതയ്ക്കെതിരെ തങ്ങള്‍ക്ക് പ്രതിഷേധം ഉണ്ടെന്നും ഈ വിഷയം ഉന്നയിച്ചു കൊണ്ടാണ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ചു കയറിയതെന്നും അംഗങ്ങള്‍ പറഞ്ഞു.

റാന്നി താലൂക്കില്‍ ഉള്‍പ്പെടുന്ന ശബരിമല ക്ഷേത്രത്തില്‍ ഇതുവരെ പിന്നാക്കക്കാരനായ ഒരാളെ മേല്‍ശാന്തിയായി നിയമിച്ചിട്ടില്ല. അതിനെതിരെയും തങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. വരും കാലങ്ങളില്‍ മറ്റ് ശാഖകളെയും യുണിയനുകളെയും ഏകോപിപ്പിച്ചുകൊണ്ട് പ്രക്ഷോഭം ആരംഭിക്കുമെന്നും കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ നടന്ന വിവേചനമാണു ഇതിനു തുടക്കമായതെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ വിഷയത്തില്‍ സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസമില്ലെന്നും ഷര്‍ട്ടിട്ട് കയറാന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, തന്ത്രിമാര്‍ ഇവരുമായാണ് തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസം എന്നും അവര്‍ പ്രതികരിച്ചു

എല്ലാ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ചു കയറാന്‍ അനുവദിക്കണമെന്ന് എസ്എന്‍ഡിപിയും ശിവഗിരി മഠവും മുന്‍പ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ തൃശൂരില്‍ നടന്ന സന്യാസിസംഗമവും ക്ഷേത്രങ്ങളില്‍ പുരുഷന്‍മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് ആരാധന നടത്തുന്നതിന് അനുവാദം നല്‍കണമെന്ന് നേരത്തെ ആവശ്യം ഉയര്‍ത്തിയിരുന്നു.

 

Latest