Kerala
ജാത്യാധിക്ഷേപ കേസ്; പ്രതിക്ക് രണ്ടുവര്‍ഷം തടവും 20,000 രൂപ പിഴയും
തൃശൂര്‍ എടത്തിരുത്തി സ്വദേശി ചെമ്പകശ്ശേരി ബാലകൃഷ്ണന്റെ മകന്‍ വിശാഖിനെയാണ് ശിക്ഷിച്ചത്.

തൃശൂര്‍ | ജാത്യാധിക്ഷേപ കേസില്‍ പ്രതിക്ക് രണ്ട് വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ. തൃശൂര്‍ എടത്തിരുത്തി സ്വദേശി ചെമ്പകശ്ശേരി ബാലകൃഷ്ണന്റെ മകന്‍ വിശാഖിനെയാണ് ശിക്ഷിച്ചത്. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എ വി സതീഷിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിലാണ് ശിക്ഷ. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള തൃശൂര്‍ എസ് സി/എസ് ടി സ്‌പെഷ്യല്‍ കോടതി ജഡ്ജിയുടേതാണ് വിധി. പിഴ അടയ്ക്കാത്ത പക്ഷം രണ്ടുമാസം അധിക തടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ ഇരയായ വ്യക്തിക്ക് നല്‍കണം.
2014 ഫെബ്രുവരി മൂന്നിനാണ് സംഭവം. വിശാഖിന്റെ പിതാവ് ബാലകൃഷ്ണന്റെ സ്ഥലത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കനാലിലെ നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയില്‍ മതില്‍ നിര്‍മ്മാണം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്, അന്നത്തെ എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എ വി സതീഷിനെ പ്രതി ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത്.
2014 ല്‍ മതിലകം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന വി ആര്‍ മണിലാല്‍ രജിസ്റ്റര്‍ ചെയ്ത് പ്രാഥമികാന്വേഷണം നടത്തിയ കേസില്‍, ഇരിഞ്ഞാലക്കുട ഡി വൈ എസ് പി ആയിരുന്ന പി എ വര്‍ഗീസ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.