Connect with us

From the print

ജാതി വിവേചനം: നിലപാട് കടുപ്പിച്ച് ദേവസ്വം ബോര്‍ഡ്

ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍. തീരുമാനം അട്ടിമറിക്കാന്‍ തന്ത്രിമാര്‍ക്ക് അവകാശമില്ല.

Published

|

Last Updated

തൃശൂര്‍ | ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ നിലപാട് കടുപ്പിച്ച് ദേവസ്വം ബോര്‍ഡ്. ക്ഷേത്രത്തില്‍ ജാതീയമായ വിവേചനം നടന്നുവെന്ന് ബോധ്യപ്പെട്ടാല്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സി കെ ഗോപി വ്യക്തമാക്കി.

ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ തീരുമാനം അട്ടിമറിക്കാന്‍ തന്ത്രിമാര്‍ക്കോ മറ്റുള്ളവര്‍ക്കോ യാതൊരു അവകാശവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്ത്രിമാര്‍ക്ക് കഴകക്കാരെ നിയമിക്കാനുള്ള അധികാരമില്ല. കഴകക്കാരനായി ബാലുവിനെ തന്നെ നിയമിക്കുമെന്നും തന്ത്രിമാരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും തീരുമാനവുമായി സഹകരിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഗോപി പറഞ്ഞു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നിയമനം നേടിയ ബാലു ഇപ്പോള്‍ അവധിയിലാണ്. തിരികെ ജോലിയില്‍ പ്രവേശിച്ചാല്‍ എന്തെങ്കിലും പ്രയാസം നേരിട്ടിരുന്നോ എന്ന് രേഖാമൂലം വിശദീകരണം തേടും. അത്തരത്തില്‍ എന്തെങ്കിലും പ്രയാസം ക്ഷേത്രത്തിലെ ആരില്‍ നിന്നെങ്കിലും നേരിട്ടെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാകും. ബാലു ജോലിയില്‍ പ്രവേശിച്ചത് മുതല്‍ തന്ത്രിമാര്‍ വന്നോ വന്നിട്ടില്ലയോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തും. സര്‍ക്കാര്‍ നിയമനം നല്‍കിയ ക്ഷേത്രത്തിലെ കഴകം ജോലിയില്‍ തന്നെ ബാലുവിന് പുനര്‍നിയമനം നല്‍കാനാണ് ദേവസ്വം ആഗ്രഹിക്കുന്നതെന്നും അടുത്ത ആഴ്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് യുക്തമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രത്യേക നിയമാവലിയുടെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് നിയമനം നടത്തിയതെന്നും ഇതില്‍ ഇടപെടാന്‍ തന്ത്രിമാര്‍ക്ക് അവകാശമില്ലെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. മോഹന്‍ദാസ് പ്രതികരിച്ചു. അത് പാലിക്കാന്‍ തന്ത്രിമാരും വാര്യര്‍ സമാജവുമെല്ലാം ബാധ്യസ്ഥരാണ്. ക്ഷേത്രത്തിലെ ഭരണപരമായ കാര്യങ്ങളില്‍ തന്ത്രിമാര്‍ ഇടപെടുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്ത്രിമാരിലും വ്യത്യസ്ത നിലപാട്
തൃശൂര്‍ | ഇരിങ്ങാലക്കുട ക്ഷേത്രത്തിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്ത്രിമാരില്‍ അഭിപ്രായ ഭിന്നത. ആറ് തന്ത്രി കുടുംബങ്ങള്‍ക്കാണ് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ താന്ത്രിക കര്‍മങ്ങള്‍ക്ക് അവകാശമുള്ളത്. ഇതില്‍ തൃപ്രയാര്‍ മനയിലെ അനിപ്രകാശ് ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

പാരമ്പര്യ അവകാശികള്‍ കഴക ജോലിക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ മറ്റ് ജാതിയിലുള്ളവര്‍ ക്ഷേത്രത്തില്‍ കഴകത്തിന് എത്തുന്നതില്‍ വിരോധമില്ലെന്നും ക്ഷേത്രത്തിലെ താന്ത്രിക കര്‍മങ്ങള്‍ക്ക് തങ്ങളുടെ ഊഴമനുസരിച്ച് എത്തി കര്‍മങ്ങള്‍ നടത്തുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സാംസ്‌കാരിക കേരളത്തിന് അപമാനം: ദേവസ്വം മന്ത്രി
തിരുവനന്തപുരംകൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി അധിക്ഷേപം സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍ പറഞ്ഞു. ദേവസ്വം കഴകക്കാരനായി നിയമിച്ച ബാലു ഈഴവ സമുദായത്തില്‍ നിന്നുള്ളയാളാണ്. അദ്ദേഹത്തെ നിയമപ്രകാരമാണ് നിയമിച്ചത്. ബാലുവിനെ അതേ തസ്തികയില്‍ നിയമിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ബാലു കഴകക്കാരനായി ജോലി ചെയ്തേ മതിയാകൂ. നവോത്ഥാന നായകര്‍ ഉഴുതുമറിച്ച നാടാണ് കേരളം. ഇപ്പോഴും കേരളത്തില്‍ ജാതി അധിക്ഷേപം നിലനില്‍ക്കുന്നു. കാലഘട്ടത്തിന് യോജിച്ച സമീപനം അല്ല തന്ത്രിമാരുടേതെന്നും മന്ത്രി പറഞ്ഞു. ജാതി വിവേചനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അംഗീകരിക്കാനാകില്ലെന്നും കെ രാധാകൃഷ്ണന്‍ എം പി പറഞ്ഞു.

മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; അന്വേഷണത്തിന് ഉത്തരവിട്ടു
തൃശൂര്‍ | ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറും ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറും പരാതിയെക്കുറിച്ച് അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ അംഗം വി ഗീത നിര്‍ദേശം നല്‍കി.

ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തിയ പരീക്ഷ ജയിച്ച് കഴകം തസ്തികയില്‍ നിയമിതനായ പിന്നാക്ക സമുദായാംഗത്തെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയ സംഭവത്തിലാണ് കമ്മീഷന്‍ കേസെടുത്തത്. ഇതര സമുദായത്തില്‍ പെട്ടയാള്‍ കഴകം ജോലികള്‍ നിര്‍വഹിച്ചാല്‍ പ്രതിഷ്ഠാദിന ചടങ്ങുകള്‍ ബഹിഷ്‌കരിക്കുമെന്ന് തന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നാണ് ജീവനക്കാരനെ മാറ്റിനിര്‍ത്തിയത്. പിഷാരടി വിഭാഗത്തില്‍ നിന്നുള്ള ആളെയാണ് ഇപ്പോള്‍ കഴകം ജോലികള്‍ക്ക് നിയോഗിച്ചിരിക്കുന്നത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് കഴകം പ്രവൃത്തിക്ക് വേണ്ടി നിയമിച്ച തിരുവനന്തപുരം സ്വദേശിയായ ബി വി ബാലുവിനാണ് ജാതി വിവേചനം നേരിടേണ്ടിവന്നത്. ഈഴവനായതിന്റെ പേരില്‍ അദ്ദേഹത്തെ ഓഫീസ് ജോലിയിലേക്ക് മാറ്റുകയായിരുന്നു. തന്ത്രിമാരുടെയും വാര്യര്‍ സമാജത്തിന്റെയും എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു തീരുമാനം. ഇരിങ്ങാലക്കുടയിലെ ആറ് തന്ത്രി കുടുംബാംഗങ്ങള്‍ അന്ന് മുതല്‍ ക്ഷേത്ര ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 24നാണ് ബാലു കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകം പ്രവൃത്തിക്കാരനായി ചുമതലയേറ്റത്.