Editorial
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം
ഇന്ത്യയിലെ ആദ്യത്തെ ദളിത് പ്രസിഡന്റാണ് കെ ആര്‍ നാരായണന്‍. അദ്ദേഹത്തിന്റെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് ജാതിവിവേചനം സ്ഥിരീകരിക്കപ്പെട്ടതെന്നത് കൂടുതല്‍ നാണക്കേടാണ്. പ്രശ്‌നപരിഹാരത്തിന് എത്രയും പെട്ടെന്ന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതീയത സ്ഥിരീകരിച്ചിരിക്കുന്നു അന്വേഷണ കമ്മീഷന്‍. 2019ല്‍ ശങ്കര്‍ മോഹന്‍ ഡയറക്ടറായി ചുമതലയേറ്റ ശേഷം സ്ഥാപനത്തില്‍ ജാതീയ വിവേചനവും അധിക്ഷേപവും മാനസിക പീഡനവും സംവരണത്തില്‍ അട്ടിമറിയും നടക്കുന്നുണ്ടെന്നാണ് മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, മുന്‍ നിയമസഭാ സെക്രട്ടറി എന്‍ കെ ജയകുമാര്‍ എന്നിവരടങ്ങുന്ന കമ്മീഷന്റെ കണ്ടെത്തല്‍. പ്രവേശനത്തില്‍ മെറിറ്റ് അട്ടിമറിച്ചെന്ന പരാതിയടക്കം ശരിവെച്ചുള്ള റിപോര്‍ട്ടാണ് സര്‍ക്കാറിന് മുന്നിലെത്തിയതെന്നാണ് വിവരം. സ്ഥാപനത്തില്‍ ജാതീയ വിവേചനം നടക്കുന്നുവെന്ന ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് കോട്ടയത്തെ കെ ആര്‍ നാരായണന്‍ വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്.
സ്ഥാപനത്തിലെ ജാതീയ വിവേചനത്തിനെതിരെയും ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടും ഒരു മാസമായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോഴ്സുകളിലെ പ്രവേശനത്തിന് സംവരണ വിഭാഗങ്ങളുടെ എല്ലാ അവകാശങ്ങളും നിഷേധിക്കുകയാണെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. ഇതിനിടെ യോഗ്യതയില്ലെന്നു പറഞ്ഞ് ആലപ്പുഴ സ്വദേശി ശരത്തിന് സ്ഥാപനത്തില്‍ പ്രവേശനം നിഷേധിച്ചു. എന്നാല്‍ ഈ വിദ്യാര്‍ഥിക്ക് കൊല്‍ക്കത്തയിലെ സത്യജിത് റെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം ലഭിക്കുകയുണ്ടായി. അഖിലേന്ത്യാ തലത്തില്‍ നടന്ന പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സത്യജിത് റെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ എഡിറ്റിംഗ് ഡിപാര്‍ട്ട്മെന്റില്‍ ശരത്തിന് പ്രവേശനം ലഭിച്ചത്.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവിധ ഡിപാര്‍ട്ട്‌മെന്റുകളിലായി 60 സീറ്റുകളാണുള്ളത്. 50 ശതമാനം അഥവാ 30 സീറ്റുകളാണ് ഇതില്‍ മെറിറ്റ് പട്ടികയില്‍ വരുന്നത.് ബാക്കി 30 സീറ്റുകള്‍ പിന്നാക്ക സംവരണ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ടതാണ്. എന്നാല്‍ ആകെ 51 സീറ്റുകളിലേക്ക് അഡ്മിഷന്‍ നടന്നപ്പോള്‍ സംവരണ പ്രകാരം സീറ്റ് കിട്ടിയത് നാല് പേര്‍ക്ക് മാത്രം. സംവരണ വിഭാഗത്തില്‍പ്പെടുന്നവര്‍ കൂടുതല്‍ എത്തുന്നത് ഒഴിവാക്കാന്‍ ആ വിഭാഗത്തിനര്‍ഹതപ്പെട്ട ഒമ്പത് സീറ്റുകളും ഇപ്പോഴും ഒഴിച്ചിട്ടിരിക്കുകയാണ്. സംവരണക്കാര്‍ കൂടുതലെത്തി കോഴ്‌സിന്റെ ഗുണനിലവാരം കുറക്കുന്നത് ഒഴിവാക്കാനാണിതെന്ന് ഡയറക്ടര്‍ തന്നെ പരോക്ഷമായി അധ്യാപകരോട് സൂചിപ്പിച്ചതായും വിവരം പുറത്തു വന്നിട്ടുണ്ട്. അതേസമയം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനും ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഈ ആരോപണങ്ങളത്രയും നിഷേധിക്കുന്നു.
സ്വാമി വിവേകാനന്ദന്‍ കേരളം ഭ്രാന്താലയമാണെന്നു പറഞ്ഞത് ഇവിടുത്തെ ജാതീയതയുടെ അതിപ്രസരത്തെ തുടര്‍ന്നായിരുന്നു. നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഫലമായി സംസ്ഥാനത്ത് ജാതി വിവേചനം ഏറെക്കുറെ തുടച്ചു നീക്കപ്പെട്ടുവെന്നാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ പൊതുവെ അവകാശപ്പെടാറുള്ളത്. ഹാഥ്റസ് സംഭവം പോലുള്ള ജാതി പീഡനങ്ങള്‍ ഉത്തരേന്ത്യയില്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ കേരളം ഇതില്‍ നിന്നൊക്കെ മുക്തമാണെന്ന മട്ടിലാണ് പലരും പ്രതികരിച്ചിരുന്നത്. ഈ അവകാശവാദത്തിന് നേരേയുള്ള ചോദ്യചിഹ്നമാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍. ദളിത് കുട്ടികള്‍ പഠിക്കുന്ന കാരണത്താല്‍ കോഴിക്കോട് പേരാമ്പ്ര ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍ പി സ്‌കൂളിനോട് നാട്ടുകാര്‍ അയിത്തം കല്‍പ്പിച്ചത്, തൃശൂര്‍ കുറ്റുമുക്ക് മഹാദേവീ ക്ഷേത്രത്തോട് ചേര്‍ന്ന് ബ്രാഹ്മണര്‍ക്ക് മാത്രമായി പ്രത്യേകം ടോയ്ലറ്റ് സജ്ജീകരിച്ചത്, കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് നേരേയുള്ള ബോട്ടണി വിഭാഗത്തിലെ അധ്യാപികയുടെ ജാതീയ അധിക്ഷേപം തുടങ്ങി മറ്റു പല സംഭവങ്ങളും ജാതീയതയുടെ വേരുകള്‍ കേരളത്തില്‍ നിന്ന് അറ്റുപോയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. അട്ടപ്പാടി പോലുള്ള പ്രദേശങ്ങളില്‍ ദളിതര്‍ക്ക് ഇപ്പോഴും മറ്റു ജാതിക്കാരുടെ വീടിനുള്ളിലേക്ക് പ്രവേശനമില്ല. മുന്നാക്ക ജാതിക്കാരോട് സംസാരിക്കാനോ അടുത്ത് ഇരിക്കാനോ പാടില്ല. സാങ്കേതികതയുടെ വികാസത്തിനോ വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിനോ ജാതീയത തുടച്ചു നീക്കാനായിട്ടില്ലെന്നാണ് ഇതൊക്കെ കാണിക്കുന്നത്.
തീര്‍ത്തും അപരിഷ്‌കൃതവും അയുക്തികവുമാണ് ജാതിവിവേചനവും അയിത്തം പോലുള്ള ആചാരങ്ങളും. സ്പര്‍ശിച്ചാല്‍ അയിത്തമാകുമെന്ന് വിശ്വസിക്കുന്ന ‘താഴ്ന്ന ജാതിക്കാര്‍’ ഒരുക്കിക്കൊടുക്കുന്ന വിഭവങ്ങളാണ് ‘ഉന്നത ജാതിക്കാര്‍’ ജീവിതത്തിലുടനീളം ഉപയോഗിക്കുന്നത്. ജന്മിമാരുടെ പാടത്ത് നെല്ല് വിതക്കുന്നതും അത് കൊയ്ത് കറ്റകെട്ടി മെതിച്ചു മണിയാക്കുന്നതും കീഴ്ജാതിക്കാരാണ്. കീഴാളരുടെ ചവിട്ട് കൊണ്ട നെന്മണികളാണ് ഉന്നത ജാതിക്കാര്‍ പത്തായത്തില്‍ നിറക്കുന്നതും ഭക്ഷിക്കുന്നതും. പുലയന്റെ വിയര്‍പ്പ് വീണ നെന്മണിക്ക് അയിത്തമില്ലാത്തവര്‍ പുലയനോട് അയിത്തം കല്‍പ്പിക്കുന്നതിന്റെ യുക്തി? ആരോ എഴുതിവെച്ച വര്‍ണാശ്രമ ധര്‍മങ്ങളെ വിദ്യാസമ്പന്നര്‍ പോലും പിന്തുടരുന്നുവെന്നത് ഖേദകരവും നാണക്കേടുമാണ്.
ഇന്ത്യയിലെ ആദ്യത്തെ ദളിത് പ്രസിഡന്റാണ് കെ ആര്‍ നാരായണന്‍. അദ്ദേഹത്തിന്റെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് ജാതിവിവേചനം സ്ഥിരീകരിക്കപ്പെട്ടതെന്നത് കൂടുതല്‍ നാണക്കേടാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന ഒരു സ്ഥാപനത്തില്‍ നടക്കുന്ന ഗുരുതരമായ ജാതി വിവേചനം തുടക്കം മുതല്‍ തന്നെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അടക്കം ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
മന്ത്രി ആര്‍ ബിന്ദുവിനോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍, ‘അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്, അവരുടെ റിപോര്‍ട്ട് വരട്ടെ’യെന്നായിരുന്നു പ്രതികരണം. കമ്മീഷന്‍ വിദ്യാര്‍ഥികളുടെ ആരോപണം ശരിവെച്ചു കൊണ്ട് റിപോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് എത്രയും പെട്ടെന്ന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.