Connect with us

From the print

ജാതി വിവേചനം: ജയില്‍ മാന്വല്‍ തിരുത്തി സുപ്രീം കോടതി

തടവുകാര്‍ക്ക് ജാതി അടിസ്ഥാനത്തില്‍ ജയിലിലെ ജോലി തരംതിരിച്ചു നല്‍കുന്ന വിവിധ സംസ്ഥാനങ്ങളിലെ ജയില്‍ മാന്വലിലെയും ചട്ടത്തിലെയും വ്യവസ്ഥകള്‍ റദ്ദാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ജയിലുകളിലെ ജാതി വിവേചനം തടയുന്നതിനുള്ള സുപ്രധാന വിധി പ്രസ്താവവുമായി സുപ്രീം കോടതി. തടവുകാര്‍ക്ക് ജാതി അടിസ്ഥാനത്തില്‍ ജയിലിലെ ജോലി തരംതിരിച്ചു നല്‍കുന്ന വിവിധ സംസ്ഥാനങ്ങളിലെ ജയില്‍ മാന്വലിലെയും ചട്ടത്തിലെയും വ്യവസ്ഥകള്‍ സുപ്രീം കോടതി റദ്ദാക്കി.

പാര്‍ശ്വവത്കരിക്കപ്പെട്ട ജാതി വിഭാഗങ്ങള്‍ക്ക് ശുചീകരണവും തൂത്തുവാരലും ഉയര്‍ന്ന ജാതി വിഭാഗങ്ങള്‍ പാചകവും നല്‍കുന്ന നടപടി ഭരണഘടനാ അനുഛേദം 15ന്റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. ജാതി അടിസ്ഥാനത്തില്‍ ജയിലുകളില്‍ ജോലി തരംതിരിച്ചു നല്‍കരുതെന്നും ജയില്‍ രജിസ്ട്രിയില്‍ നിന്ന് ജാതി കോളം നീക്കം ചെയ്യണമെന്നും ബഞ്ച് വ്യക്തമാക്കി.

വിഷയത്തില്‍ ബഞ്ച് വിശദമായ മാര്‍ഗരേഖ പുറപ്പെടുവിച്ചു. ഏതെങ്കിലും ജാതി വിഭാഗത്തെ സ്ഥിരം കുറ്റവാളികളായി പരിഗണിക്കരുത്. ഇത്തരത്തിലുള്ള വ്യവസ്ഥകളും ചട്ടങ്ങളില്‍ നിന്ന് നീക്കം ചെയ്യണം. ജാതി അടിസ്ഥാനത്തിലുള്ള ജോലി അനുവദിക്കുന്നത് അവസാനിപ്പിക്കാന്‍ ജയില്‍ മാന്വലുകള്‍ പരിഷ്‌കരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ബഞ്ച് നിര്‍ദേശം നല്‍കി. ജാതി അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ മാതൃകാ ജയില്‍ ചട്ടങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും കോടതി നിര്‍ദേശിച്ചു.

ജയില്‍ മാന്വലിലെ സ്ഥിരം കുറ്റവാളികളെ കുറിച്ചുള്ള പരാമര്‍ശം നിയമനിര്‍മാണ നിര്‍വചനങ്ങള്‍ക്ക് അനുസൃതമായിരിക്കണം. തടവുകാരെ ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് ജാതി വ്യത്യാസങ്ങളെയും പരസ്പരമുള്ള ശത്രുതയെയും ശക്തിപ്പെടുത്തും. ജാതി അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് അനുവദിക്കുന്ന വ്യവസ്ഥകള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 17, 21, 23 എന്നിവ ലംഘിക്കുന്നു. അത്തരം തൊഴില്‍ വിഭജനം തൊട്ടുകൂടായ്മയുടെ ഒരു വശമാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ ഇകഴ്ത്തുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്ന വാര്‍പ്പുമാതൃകകളാണിത്. മേത്തര്‍ പോലുള്ള താഴ്ന്ന ജാതിക്കാരെയാണ് തൂപ്പുജോലിക്കായി നിയോഗിക്കേണ്ടതെന്നാണ് യു പി ജയില്‍ മാന്വല്‍ വ്യവസ്ഥ ചെയ്യുന്നത്. ചണ്ഡാളര്‍ പോലുള്ള ജാതികളില്‍ നിന്നാണ് തൂപ്പുജോലിക്കാരെ നിയമിക്കേണ്ടതെന്ന് പശ്ചിമ ബംഗാള്‍ മാന്വല്‍ പറയുന്നു. ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരെയാണ് പാചകത്തിനായി നിയമിക്കേണ്ടതെന്നും ബംഗാള്‍ മാന്വലിലുണ്ട്. രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് മാന്വലിലും സമാന വ്യവസ്ഥകളുണ്ട്.

കേരളം, ആന്ധ്രാപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലെ ജയില്‍ മാന്വലുകളില്‍, സ്ഥിരം കുറ്റവാളികളെ നിര്‍വചിക്കുന്ന വ്യവസ്ഥകള്‍ വിവേചനപരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജാതി സംഘര്‍ഷം കണക്കിലെടുത്ത് തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ വ്യത്യസ്ത ജാതി വിഭാഗങ്ങളെ വേവ്വേറെ സെല്ലുകളില്‍ പാര്‍പ്പിക്കുന്നതിന് അംഗീകാരം നല്‍കിയ മദ്രാസ് ഹൈക്കോടതി വിധി ബഞ്ച് റദ്ദാക്കി.