Connect with us

Editorial

ജാതി കണക്കെടുപ്പ് കൂടി ഉള്‍പ്പെടുത്തണം

ഹിന്ദുത്വര്‍ ജാതി സെന്‍സസിനെ എതിര്‍ക്കുന്നതിനു പിന്നില്‍ കേവല രാഷ്ട്രീയ താത്പര്യങ്ങള്‍ മാത്രമല്ല, വര്‍ഗീയ-വംശീയ താത്പര്യങ്ങള്‍ കൂടിയുണ്ട്. എസ് സി-എസ് ടി വിഭാഗത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിലല്ല, മറ്റു വിഭാഗങ്ങളുടെ കണക്കുകള്‍ പുറത്തു വരുന്നതിനോടാണ് അവര്‍ക്ക് കടുത്ത എതിര്‍പ്പ്.

Published

|

Last Updated

പുതിയ ജനസംഖ്യാ കണക്കെടുപ്പിനുള്ള നടപടികള്‍ ത്വരിതഗതിയിലാണ്. സെപ്തംബറില്‍ ആരംഭിച്ച് ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. അതേസമയം സെന്‍സസില്‍ ഒ ബി സി വിഭാഗങ്ങളുടെ കണക്കെടുപ്പ് ഉള്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബി ജെ പിക്ക് അതിനോട് യോജിപ്പില്ലെങ്കിലും പ്രതിപക്ഷ കക്ഷികളും എന്‍ ഡി എയിലെ തന്നെ ചില ഘടക കക്ഷികളും ഈ ആവശ്യമുന്നയിച്ച സാഹചര്യത്തില്‍, സെന്‍സസിനായി നല്‍കുന്ന ഫോറത്തില്‍ ഇതിനുള്ള കോളങ്ങള്‍ ചേര്‍ക്കുന്ന കാര്യത്തില്‍ ബി ജെ പി നേതൃത്വത്തിനിടയില്‍ തിരക്കിട്ട ചര്‍ച്ച നടന്നുവരികയാണെന്നാണ് റിപോര്‍ട്ട്.

സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്കും ജാതികള്‍ക്കും പ്രത്യേക പരിരക്ഷയും അവകാശങ്ങളും ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15(4), 16(4) പ്രകാരം വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ ദളിതരുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും പ്രവേശനത്തിനും നിയമനത്തിനും സംവരണം തുടങ്ങി പ്രത്യേക പരിരക്ഷ വ്യവസ്ഥ ചെയ്യുന്നു. ആര്‍ട്ടിക്കിള്‍ 38(2) അനുസരിച്ച് ഈ വിഭാഗങ്ങള്‍ക്ക് വരുമാനത്തിന്റെ കാര്യത്തിലുള്ള അന്തരം ലഘൂകരിക്കുകയും പദവികളിലും അവസരങ്ങളിലുമുള്ള അസമത്വം ഇല്ലാതാക്കുകയും വേണം. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെങ്കില്‍ ഓരോ വിഭാഗത്തിന്റെയും കൃത്യമായ എണ്ണവും സാമൂഹികാവസ്ഥയും കണ്ടെത്തേണ്ടതുണ്ട്. ആര്‍ക്കെല്ലാം എത്ര അവളവില്‍ സംവരണം ഏര്‍പ്പെടുത്തണം, അധികാര മേഖലയില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നത് ആരെല്ലാം എന്ന് വ്യക്തമാകണം. ഇവിടെയാണ് ജാതി സെന്‍സസിന്റെ പ്രസക്തി.

ബ്രിട്ടീഷ് ഭരണ കാലത്ത് 1871ലാണ് രാജ്യത്ത് ആദ്യത്തെ ജാതി സെന്‍സസ് നടന്നത്. 1931 വരെ അത് തുടര്‍ന്നു. ഉദ്യോഗതലങ്ങള്‍ ബ്രാഹ്മണര്‍ കൈയടക്കി വെച്ചിരിക്കുകയാണെന്നും അവര്‍ണ-പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസമോ താഴേക്കിടയിലുള്ള ജോലികള്‍ പോലുമോ ലഭ്യമാകുന്നില്ലെന്നും പ്രസ്തുത സര്‍വേകളില്‍ കണ്ടെത്തുകയും ഉദ്യോഗ മേഖലയിലെ ബ്രാഹ്മണ മേധാവിത്വം കുറക്കുന്നതിനെക്കുറിച്ച് ആലോചനകള്‍ നടക്കുകയും ചെയ്തിരുന്നെങ്കിലും ലക്ഷ്യം കണ്ടില്ല. നെഹ്‌റുവിന്റെ ഭരണത്തില്‍ 1951ലായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ സെന്‍സസ്. ഇതില്‍ പക്ഷേ ജാതി തിരിച്ചുള്ള കണക്കെടുപ്പ് ആസൂത്രിതമായി ഒഴിവാക്കപ്പെട്ടു. പിന്നീട് 2011 വരെ നടന്ന സെന്‍സസുകളിലെല്ലാം പട്ടികജാതി-വര്‍ഗങ്ങളുടേത് ഒഴിച്ചുള്ള പിന്നാക്ക വിഭാഗങ്ങളെ സംബന്ധിച്ച വിവര ശേഖരണം ഒഴിവാക്കി.

ജാതി സെന്‍സസ് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 2011ലെ സെന്‍സസില്‍ അന്നത്തെ യു പി എ സര്‍ക്കാര്‍ മറ്റു പിന്നാക്ക ജാതിക്കാരുടെ കണക്കെടുപ്പ് കൂടി ഉള്‍പ്പെടുത്തിയെങ്കിലും റിപോര്‍ട്ടിലെ ആ ഭാഗം പ്രസിദ്ധീകരിച്ചില്ല. വിവരങ്ങളില്‍ കൃത്യതയില്ലാത്തതു കൊണ്ടാണ് അത് പുറത്തുവിടാതിരുന്നതെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. അതേസമയം ഈ റിപോര്‍ട്ട് 99 ശതമാനവും കുറ്റമറ്റതാണെന്ന് രജിസ്ട്രാര്‍ ജനറല്‍, പാര്‍ലിമെന്റ്സമിതിക്ക് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

എന്‍ എസ് എസ് ഒ (നാഷനല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍), യു ഡി ഐ എസ് ഇ പ്ലസ് (യുനൈറ്റഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജ്യുക്കേഷന്‍ പ്ലസ്) തുടങ്ങിയ ഏജന്‍സികള്‍ നടത്തിയ സാമ്പിള്‍ സര്‍വേകളാണ് നിലവില്‍ രാജ്യത്തെ ദളിത്, പിന്നാക്ക വിഭാഗങ്ങളെക്കുറിച്ച് ഏകദേശ കണക്കുകള്‍ നല്‍കുന്നത്. ഇത്തരം സര്‍വേകളില്‍ കൃത്യത ഇല്ലാത്തതിനാല്‍ സംവരണം പോലുള്ള പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട നടപടികളില്‍ ഇതിനെ അവലംബിക്കാനാകില്ല. ഇതിന് ഔദ്യോഗിക തലത്തിലുള്ള കണക്കെടുപ്പ് തന്നെ വേണ്ടതുണ്ട്. എന്നാല്‍ കൃത്യമായ കണക്കുകള്‍ പുറത്തുവന്നാല്‍ ഭരണ, ഉദ്യോഗതലങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന വേണമെന്ന മുറവിളി ഉയരുകയും സവര്‍ണ മേധാവിത്വത്തിന് കോട്ടം സംഭവിക്കുകയും ചെയ്യുമെന്ന ഭീതിയിലാണ് സെന്‍സസില്‍ അത് ഉള്‍പ്പെടുത്താന്‍ ഭരണതലത്തിലുള്ളവര്‍ പ്രത്യേകിച്ച് ബി ജെ പി വിമുഖത കാണിക്കുന്നത്.
ബിഹാര്‍ സര്‍ക്കാര്‍ നടത്തിയ ജാതി സെന്‍സസിനു ശേഷം അവരുടെ ഭീതിയും ആശങ്കയും വര്‍ധിച്ചിട്ടുണ്ട്.

പതിമൂന്ന് കോടി വരുന്ന ബിഹാര്‍ ജനതയില്‍ 85 ശതമാനവും പിന്നാക്ക, പട്ടിക ജാതി/ വര്‍ഗക്കാരാണെന്നാണ് സര്‍വേ ഫലം കാണിക്കുന്നത്. 15 ശതമാനം മാത്രമാണ് സവര്‍ണ ജാതിക്കാര്‍. ഭരണനിര്‍വഹണ മേഖലകളിലെ താക്കോല്‍ സ്ഥാനങ്ങളെല്ലാം കൈയടക്കി വെച്ചിരിക്കുന്നത് ഈ പതിനഞ്ച് ശതമാനവും. രാജ്യത്തെ മൊത്തം ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടന്നാലും ഫലത്തില്‍ വലിയ വ്യത്യാസം പ്രതീക്ഷിക്കുന്നില്ല. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം രാജ്യത്താകെ 22 ശതമാനം പട്ടികജാതി/വര്‍ഗക്കാരും 52 ശതമാനം മറ്റു പിന്നാക്ക വിഭാഗക്കാരുമായി 74 ശതമാനം സംവരണ വിഭാഗങ്ങളുണ്ട്. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംവരണത്തിന് നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണല്ലോ വി പി സിംഗ് സര്‍ക്കാര്‍ നിലംപതിച്ചത്.

ഹിന്ദുത്വര്‍ ജാതി സെന്‍സസിനെ എതിര്‍ക്കുന്നതിനു പിന്നില്‍ കേവല രാഷ്ട്രീയ താത്പര്യങ്ങള്‍ മാത്രമല്ല, വര്‍ഗീയ-വംശീയ താത്പര്യങ്ങള്‍ കൂടിയുണ്ട്. എസ് സി-എസ് ടി വിഭാഗത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിലല്ല, മറ്റു വിഭാഗങ്ങളുടെ കണക്കുകള്‍ പുറത്തു വരുന്നതിനോടാണ് അവര്‍ക്ക് കടുത്ത എതിര്‍പ്പ്. പുതിയ സെന്‍സസില്‍ പട്ടിക വിഭാഗങ്ങള്‍ ഒഴികെയുള്ളവരുടെ കണക്കുകള്‍ ഉള്‍ക്കൊള്ളിക്കാനാകില്ലെന്ന സര്‍ക്കാര്‍വൃത്തങ്ങളുടെ പ്രസ്താവനയില്‍ നിന്ന് ഇത് കൃത്യമായി വായിച്ചെടുക്കാവുന്നതാണ്. ഭരണഘടനയോടും രാഷ്ട്ര നിര്‍മാണത്തില്‍ സജീവ പങ്കുവഹിച്ച ന്യൂനപക്ഷ സമുദായങ്ങളോടും ചെയ്യുന്ന കടുത്ത അനീതിയാണിത്. അടുത്ത മാസം തുടങ്ങാനിരിക്കുന്ന സെന്‍സസില്‍ ഒ ബി സി വിഭാഗങ്ങളുടെ സാമൂഹിക അവസ്ഥയുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൂടി ഉള്‍ക്കൊള്ളിക്കുന്നതിന് ശക്തമായ സമ്മര്‍ദം ഉയരേണ്ടതുണ്ട്.