Connect with us

National

ജാതിവെറി; തന്റെ വെള്ളക്കുപ്പിയില്‍ നിന്ന് വെള്ളം കുടിച്ച ദളിത് വിദ്യാര്‍ഥിയെ അധ്യാപകന്‍ അടിച്ചുകൊന്നു

രാജസ്ഥാനില്‍ ജലോര്‍ ജില്ലയിലെ സയ്‌ല ഗ്രാമത്തിലുള്ള ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. ചെയില്‍ സിങ് എന്ന അധ്യാപകന്റെ മര്‍ദനമേറ്റ ഒമ്പതു വയസുകാരന്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

Published

|

Last Updated

ജയ്പുര്‍ | അധ്യാപകന്റെ വെള്ളക്കുപ്പിയില്‍ നിന്ന് വെള്ളം കുടിച്ച ദളിത് വിദ്യാര്‍ഥിയെ അധ്യാപകന്‍ അടിച്ചു കൊന്നു. രാജസ്ഥാനില്‍ ജലോര്‍ ജില്ലയിലെ സയ്‌ല ഗ്രാമത്തിലുള്ള ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. ചെയില്‍ സിങ് എന്ന അധ്യാപകന്റെ മര്‍ദനമേറ്റ ഒമ്പതു വയസുകാരന്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. താഴ്ന്ന ജാതിക്കാരനായ കുട്ടി തന്റെ വെള്ളക്കുപ്പി സ്പര്‍ശിക്കുകയും അതിലെ വെള്ളം കുടിക്കുകയും ചെയ്തതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. അധ്യാപകനെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. പട്ടികജാതി-പട്ടികവര്‍ഗ (അക്രമം തടയല്‍) വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

ജൂലൈ 20നാണ് കുട്ടിക്ക് മര്‍ദനമേറ്റത്. കണ്ണിലും ചെവിയിലും സാരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ സംഭവ സ്ഥലത്തു നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള അഹമ്മദാബാദിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ഇന്നലെയാണ് കുട്ടി മരണപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചിട്ടുണ്ട്.

സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അടിയന്തരാന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തിന് എത്രയും പെട്ടെന്ന് നീതി ഉറപ്പാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി പോലീസ് സംഘം അഹമ്മദാബാദിലേക്ക് പോയിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest