Articles
തടവറകളിലെ ജാതി; കോടതി വടിയെടുക്കുന്നു
ഇന്ത്യന്‍ സാമൂഹിക ജീവിതത്തിന്റെ ഘടനാപരമായ സവിശേഷതയും മര്‍ദകരൂപവുമാണ് ജാതി. അത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ജയില്‍ മാന്വലുകളില്‍ ഇടംപിടിച്ചിരിക്കുന്നുവെന്നത് അങ്ങേയറ്റം അപമാനകരമാണ്. ജയില്‍ മാന്വലുകള്‍ വഴി ജയിലുകളില്‍ നിലനില്‍ക്കുന്ന ജാതിവിവേചനം തടയണമെന്നാണ് സുപ്രീം കോടതി വിധിപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
“ഇന്ത്യന്‍ തടവറയിലെ അഞ്ച് വര്‍ഷങ്ങള്‍’ എന്ന തന്റെ പുസ്തകത്തില്‍ മേരി ടെയ്്ലര്‍ ഇന്ത്യന്‍ സമൂഹത്തിലെന്ന പോലെ ദരിദ്ര ഗ്രാമീണ വിഭാഗത്തില്‍പ്പെട്ടവരെ തടവറകളിലും ജാതി വിവേചനങ്ങള്‍ക്കും ക്രൂരമായ മര്‍ദനങ്ങള്‍ക്കും വിധേയമാക്കുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. 1970കളില്‍ ഇന്ത്യന്‍ തടവറയില്‍ അഞ്ച് വര്‍ഷക്കാലം കഴിയേണ്ടിവന്ന തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള ആത്മാനുഭവപരമായ കഥയാണ് മേരി ടെയ്്ലറുടെ ഈ പുസ്തകം. ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി ജന്മിത്വ നാടുവാഴിത്ത ഘടന ഭരണകൂട സംവിധാനങ്ങളില്‍ ഘടനാപരമായി തന്നെ എങ്ങനെ നിലനില്‍ക്കുന്നുവെന്നാണ് മേരി ടെയ്്ലര്‍ ഇന്ത്യന്‍ ജയിലുകളില്‍ നിലനില്‍ക്കുന്ന ജാതീയവും വര്‍ഗപരവുമായ മര്‍ദകാവസ്ഥയെ വിശകലനം ചെയ്തുകൊണ്ട് സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ ജയിലുകളിലെ ജാതി വിവേചനം അവസാനിപ്പിക്കണമെന്ന് നിര്‍ദേശിച്ചു കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്ന വിധിയും മാര്‍ഗരേഖയും അത്യന്തം ചരിത്രപരമായ ഒരു ഇടപെടലാണെന്ന് കാണണം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ജയില്‍ മാന്വലുകളില്‍ ജാതി വിവേചനം ഉള്‍ക്കൊള്ളുന്ന വ്യവസ്ഥകളും ചട്ടങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും അത് മാറ്റണമെന്നുമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് വിധി പ്രസ്താവിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ജെ ബി പര്‍ദീവാലയും മനോജ് മിശ്രയുമാണ് ബഞ്ചിലെ മറ്റംഗങ്ങള്‍. ജയിലുകളിലെ ജാതിവിവേചനത്തെ കുറിച്ച് ദി വയര്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സുകന്യാശാന്തിയെന്ന മാധ്യമ പ്രവര്‍ത്തക നല്‍കിയ കേസിലാണ് സുപ്രീം കോടതിയുടെ ഈ ചരിത്ര വിധി ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ സാമൂഹിക ജീവിതത്തിന്റെ ഘടനാപരമായ സവിശേഷതയും മര്‍ദകരൂപവുമാണ് ജാതി. അത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ജയില്‍ മാന്വലുകളില്‍ ഇടംപിടിച്ചിരിക്കുന്നുവെന്നത് അങ്ങേയറ്റം അപമാനകരമാണ്. ജയില്‍ മാന്വലുകള്‍ വഴി ജയിലുകളില്‍ നിലനില്‍ക്കുന്ന ജാതിവിവേചനം തടയണമെന്നാണ് സുപ്രീം കോടതി വിധിപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചരിത്ര പ്രധാനമായ വിധിയിലൂടെ ജയിലിലെ ജോലി തരംതിരിച്ച് നല്‍കുന്ന വിവിധ സംസ്ഥാനങ്ങളിലെ ജയില്‍ മാന്വലുകളിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട ജാതിവിഭാഗങ്ങള്‍ക്ക് ശുചീകരണവും തൂത്തുവാരലും ഉയര്‍ന്ന ജാതി വിഭാഗങ്ങള്‍ക്ക് പാചക ജോലിയും നല്‍കുന്ന വ്യവസ്ഥയാണ് യു പി ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നത്.
ഇത് ഭരണഘടനാവിരുദ്ധമെന്നാണ് സുപ്രീം കോടതി ഇപ്പോള്‍ വിധിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 15ന്റെ നഗ്‌നമായ ലംഘനമാണിത്. നിയമത്തിനു മുമ്പില്‍ ജാതി, മത, ലിംഗ, ഭാഷാ വിവേചനങ്ങള്‍ പാടില്ലെന്നും അത് കുറ്റകരമാണെന്നുമാണ് ആര്‍ട്ടിക്കിള്‍ 15 വ്യവസ്ഥ ചെയ്തിരിക്കുന്നത്. വിധി പ്രസ്താവനയില്‍ സുപ്രീം കോടതി ജാതിയടിസ്ഥാനത്തില്‍ ജയിലുകളില്‍ ജോലി തരംതിരിച്ച് നല്‍കരുതെന്നും ജയില്‍ രജിസ്റ്ററില്‍ നിന്ന് ജാതി കോളം നീക്കം ചെയ്യണമെന്നുമാണ് നിര്‍ദേശിച്ചിരിക്കുന്നത്.
വിധി പ്രസ്താവനയില്‍ ബഞ്ച്, ഇന്ത്യന്‍ ജയിലുകളില്‍ നിലനില്‍ക്കുന്ന ജാതി വിവേചനത്തിന്റെ ഭാഗമായിട്ടുള്ള മനുഷ്യത്വരഹിതമായ എല്ലാ നടപടിക്രമങ്ങളും അവസാനിപ്പിക്കാനുള്ള മാര്‍ഗ രേഖയാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഏതെങ്കിലും ജാതി വിഭാഗത്തെ സ്ഥിരം കുറ്റവാളികളായി കാണുന്ന മുന്‍വിധികളോടു കൂടിയുള്ള നടപടികള്‍ അവസാനിപ്പിക്കണം. അതിലേക്കെത്തിക്കുന്ന ജയില്‍ മാന്വലിലെ വ്യവസ്ഥകള്‍ ചട്ടങ്ങളില്‍ നിന്ന് നീക്കം ചെയ്യണം. വിധി പ്രസ്താവനയില്‍, ജാതി അടിസ്ഥാനത്തിലുള്ള ജോലി നല്‍കുന്നത് അവസാനിപ്പിക്കാനും ജയില്‍ മാന്വലുകള്‍ പരിഷ്‌കരിക്കാനും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കോടതി നിര്‍ദേശിച്ചിരിക്കുന്നു.
മാത്രമല്ല ജാതി അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ മാതൃകാ ജയില്‍ ചട്ടങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജയില്‍ മാന്വലിലെ സ്ഥിരം കുറ്റവാളികളെ സംബന്ധിച്ച പരാമര്‍ശം നിയമനിര്‍മാണ നിര്‍വചനങ്ങള്‍ക്ക് വിധേയമായിരിക്കണമെന്നും വിധി പ്രസ്താവനയില്‍ പറയുന്നു. ജയിലുകളിലെ ജാതി വിവേചനം ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. തടവുകാരെ ജാതി അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് ജാതി വ്യത്യാസങ്ങളെയും പരസ്പരമുള്ള ശത്രുതയെയും വര്‍ധിപ്പിക്കും. നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ട ജാതി ഉച്ചനീചത്വങ്ങളെ ദൃഢീകരിച്ചുനിര്‍ത്തുന്നതിനാണ് ജയില്‍ ചട്ടങ്ങളിലെ ഇത്തരം വ്യവസ്ഥകള്‍ സഹായിക്കുന്നത്.
ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നിലനില്‍ക്കുന്ന വ്യവസ്ഥകളും ചട്ടങ്ങളും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 17, 21, 23 എന്നിവയുടെ നഗ്‌നമായ ലംഘനമാണ്. അസ്പൃശ്യതയെ സാധൂകരിക്കുന്ന തരത്തിലാണ് രാജ്യത്തെ ജയില്‍ ചട്ടങ്ങളില്‍ ജാതി അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് നിലനില്‍ക്കുന്നത് എന്നത് ഗുരുതരമായൊരു കുറ്റമാണ്. ഭരഘടനാ മൂല്യങ്ങളുടെ നിഷേധവുമാണ്. ജയിലുകളില്‍ നിലനില്‍ക്കുന്ന ജാതിയുടെ അടിസ്ഥാനത്തിലുള്ള തൊഴില്‍ വിഭജനം അസ്പൃശ്യതയുടെ ഒരു വശമാണെന്ന് കോടതി നിരീക്ഷിക്കുന്നു. ഇത് പാര്‍ശ്വവത്കൃത സമൂഹങ്ങളെ ഇകഴ്ത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന വാര്‍പ്പ് മാതൃകയാണ്.
യു പി സംസ്ഥാനത്തെ ജയില്‍ മാന്വലില്‍ മേത്തര്‍ പോലുള്ള താഴ്ന്ന ജാതിക്കാരെ മാത്രമേ തൂപ്പു ജോലിക്കായി നിയോഗിക്കാവൂ എന്നാണ് വ്യവസ്ഥ ചെയ്യുന്നത്. ചണ്ഡാളര്‍ പോലുള്ള ജാതികളില്‍ നിന്നാണ് തൂപ്പു ജോലിക്കാരെ നിയമിക്കേണ്ടതെന്ന് പശ്ചിമ ബംഗാള്‍ ജയില്‍ മാന്വല്‍ നിര്‍ദ്ദേശിക്കുന്നു. ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരെ പാചകത്തിനായി നിയമിക്കണമെന്ന വ്യവസ്ഥയും ബംഗാള്‍ മാന്വലില്‍ ഉണ്ട്. ഇതിന് സമാനമോ ഇതുപോലെ തന്നെയോ ഉള്ള വ്യവസ്ഥകള്‍ രാജസ്ഥാനിലെയും ഹിമാചല്‍പ്രദേശിലെയും മധ്യപ്രദേശിലെയും ജയില്‍ മാന്വലിലുണ്ട്.
കേരളം, ആന്ധ്രാ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ ജയില്‍ മാന്വലില്‍ സ്ഥിരം കുറ്റവാളികളെ നിര്‍വചിക്കുന്ന വ്യവസ്ഥകള്‍ വിവേചനപരമാണെന്നും സുപ്രീം കോടതി വിധിയില്‍ നിരീക്ഷിക്കുന്നുണ്ട്. ജാതി സംഘര്‍ഷം ഒഴിവാക്കാനെന്ന പേരില്‍ തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ വ്യത്യസ്ത ജാതി വിഭാഗങ്ങളെ വെവ്വേറെ സെല്ലുകളില്‍ പാര്‍പ്പിക്കുന്നതിന് അംഗീകാരം നല്‍കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തിരിക്കുന്നു. സാമൂഹിക ജീവിതത്തിന്റെയും സിവില്‍ ഭരണ സംവിധാനത്തിന്റെയും എല്ലാ മണ്ഡലങ്ങളിലും പിടിമുറുക്കിയിരിക്കുന്ന ജാതി ഉച്ചനീചത്വങ്ങള്‍ക്കും അസ്പൃശ്യതകള്‍ക്കുമെതിരായ ശക്തമായ സാമൂഹിക മുന്നേറ്റങ്ങളും നിയമപരമായ പരിഷ്‌കരണങ്ങളും അനിവാര്യമാണെന്നാണ് ഈ കോടതി വിധി നല്‍കുന്ന സൂചന.