Kerala
പിടിവിട്ട് വീണ്ടും വിലക്കയറ്റം; അടുക്കള വിഭവങ്ങൾ പൊള്ളും
വിപണി ഇടപെടലിന് പണം ഇല്ലാത്തത് തിരിച്ചടിയായി
കൊച്ചി | അവശ്യ സാധനങ്ങൾക്കെല്ലാം വില അനുദിനം വർധിച്ചതോടെ അടുക്കള ബജറ്റ് കുത്തനെ ഉയർന്നു. പച്ചക്കറി, മീൻ, മുട്ട, കോഴിയിറച്ചി, പലവ്യഞ്ജനം തുടങ്ങി എല്ലാത്തിനേയും വിലക്കയറ്റം ബാധിച്ചുകഴിഞ്ഞു. തീൻമേശയിലെ പതിവ് സാന്നിധ്യമായ മീൻ നിലവിൽ കിട്ടാനില്ല. കിട്ടിയാലും അവക്ക് തീവിലയാണ്. പച്ചക്കറിക്കും മത്സ്യത്തിനും വില കൂടിയപ്പോൾ കൂട്ടുപിടിച്ച് മാംസ വിലയും മേലോട്ടാണ്.
കിലോക്ക് 300 രൂപ ഉണ്ടായിരുന്ന ബീഫിന് 400 രൂപയാണ് ഇപ്പോൾ വില. 150 രൂപയായിരുന്ന ചിക്കന് 180ന് മുകളിലാണ്. മട്ടനും സമാന രീതിയിൽ വില കൂടിയിട്ടുണ്ട്. ഒരു മാസം മുമ്പുള്ള വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പലവ്യഞ്ജന സാധനങ്ങളുടെ വിലയും കൂടുകയാണ്. സപ്ലൈകോ മാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും പലവ്യഞ്ജന സാധനങ്ങൾ കുറഞ്ഞതോടെ കൂടിയ വിലക്ക് വാങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങൾ.
വിപണി ഇടപെടലിന് പണം ഇല്ലാതെ വന്നതും പൊതുവിപണിയിലെ വിലക്കയറ്റത്തിന് കാരണമായി. മാസങ്ങൾക്ക് മുമ്പ് 80 രൂപ മാത്രമുണ്ടായിരുന്ന വെളുത്തുള്ളിക്കിപ്പോൾ 220 രൂപയിലധികമാണ്. ഇവയടക്കം മിക്ക സാധനങ്ങളും മാവേലിസ്റ്റോറുകളിൽ കിട്ടാക്കനിയായിട്ട് കാലമേറെയായി. സാമ്പാർ പരിപ്പിന് 160, വെള്ളക്കടലക്ക് 210, ചെറുപയർ 220 എന്നിങ്ങനെയാണ് കിലോക്ക് ഇപ്പോൾ വില. പച്ചക്കറിയിൽ പാവക്ക, വെണ്ട ഉൾപ്പടെയുള്ളവക്കും വിലകൂടി.
ഒരാഴ്ച മുമ്പ് കിലോക്ക് 40 രൂപയുണ്ടായിരുന്ന വെണ്ട ഇപ്പോൾ 69 രൂപക്കാണ് പലയിടത്തും വിൽക്കുന്നത്. പാവയ്ക്കാക്ക് 90ന് മുകളിലാണ് വില. കാരറ്റ് 40 രൂപയിൽ നിന്ന് 73 രൂപ വരെയായി ഉയർന്നു. ബീൻസ്, കുമ്പളങ്ങ, വെള്ളരി, പച്ചമുളക് എന്നിവക്കും വില കൂടി. പഴങ്ങൾക്കും വില കൂടിയിട്ടുണ്ട്. 50 രൂപ വിലയുണ്ടായിരുന്ന ഏത്തന് 70 രൂപയായി.
കടുത്ത വേനൽ കാരണം കേരളത്തിലേക്ക് പച്ചക്കറി എത്തിക്കുന്ന അയൽ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ പലയിടത്തും കൃഷി പൂർണമായും കരിഞ്ഞുണങ്ങിയിരുന്നു. വേനലിനെ അതിജീവിച്ച പച്ചക്കറികളാകട്ടെ പിന്നീട് വന്ന വെള്ളക്കെട്ടിൽ മുങ്ങിപ്പോയി. ഇതോടെയാണ് തീൻ മേശയിലെത്തുന്ന പച്ചക്കറിയുടെ വില കുത്തനെ ഉയർന്നത്.
ഒരുമാസം മുമ്പ് വരെ മിതമായ നിരക്കിൽ ലഭിച്ചിരുന്ന മത്സ്യങ്ങൾക്കും ട്രോളിംഗ് ആരംഭിച്ചതോടെ വില കുത്തനെ കൂടി. 160 രൂപയിൽ നിന്ന് 350ലേക്ക് കുതിച്ച മത്തി മുതൽ കുഞ്ഞൻ മീനുകൾക്കെല്ലാം വമ്പൻ വിലയാണ്. അയല, ചൂര, കേര എന്നിവയെല്ലാം തീൻമേശയിലെത്തിക്കാൻ ഉയർന്ന വില നൽകേണ്ടി വരും.