wayanadu
ഗോത്ര സങ്കേതങ്ങളിൽ പോത്ത് വളർത്തൽ യൂനിറ്റുകൾ ആരംഭിക്കുന്നു
2021- 22 വാർഷിക പദ്ധതിയിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്
പുൽപ്പള്ളി | പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും ഗോത്ര വർഗ സങ്കേതങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി 134 പോത്ത് വളർത്തൽ യൂനിറ്റുകൾ ആരംഭിക്കുന്നു. പഞ്ചായത്തിന്റെ 2021- 22 വാർഷിക പദ്ധതിയിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 15,000 രൂപ വിലമതിക്കുന്ന പോത്തുകുട്ടികളെ സൗജന്യമായാണ് തിരഞ്ഞെടുക്കപ്പെട്ട ഗോത്ര വർഗ ഗുണഭോക്താക്കൾക്ക് നൽകുന്നത്.
ആദ്യഘട്ടത്തിൽ ഓരോ പോത്തുകുട്ടി വീതമുള്ള യൂനിറ്റുകളാണ് വിതരണം ചെയ്യുക. ആറ് മാസത്തിന് ശേഷമുള്ള മോണിറ്ററിംഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ഗ്രേഡിംഗ് ലഭിച്ച ഗുണഭോക്താക്കൾക്ക് രണ്ട് പോത്തു കുട്ടികളെ വീതം നൽകാനുള്ള പദ്ധതി ആവിഷ്‌കരിക്കും. മാംസോത്പാദന മേഖലയിൽ സ്വയം പര്യാപ്തമാകാനും ഗ്രാമീണ ഗോത്ര വർഗ സമ്പദ്ഘടനയിൽ കാതലായ മാറ്റങ്ങൾ സൃഷ്ടിക്കാനും പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നു.
വനാതിർത്തി ഗ്രാമങ്ങളിലെ തീറ്റ ലഭ്യതയും ലളിതമായ സംരക്ഷണ രീതികളും ചെലവ് കുറഞ്ഞ പാർപ്പിട സൗകര്യങ്ങളും പുൽപ്പള്ളിയെ സംബന്ധിച്ച് പദ്ധതി നിർവഹണത്തിന് അനുകൂലമായ ഘടകങ്ങളാണ്. വിവിധ വകുപ്പുകൾ മുഖേന കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 1,100 ഓളം പോത്തു കുട്ടികളെ പഞ്ചായത്ത് പരിധിയിൽ വിതരണം ചെയ്തിട്ടുണ്ട്. ഇത്തരം ഭക്ഷ്യ സുരക്ഷാ സംരംഭങ്ങൾ പഞ്ചായത്ത് തലത്തിൽ ഏകോപിപ്പിച്ച് സുഭിക്ഷ കേരളം, റീ ബിൽഡ് കേരള പദ്ധതികളുമായി സംയോജിപ്പിച്ച് നടത്താനാണ് ലക്ഷ്യമിടുന്നത്. പുൽപ്പള്ളി മൃഗാശുപത്രി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
പോത്തു വളർത്തൽ പദ്ധതിയുടെ ആദ്യഘട്ട വിതരണോദ്ഘാടനം പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭനാ സുകു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം ടി കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം സോജിഷ് സോമൻ, പഞ്ചായത്ത് സെക്രട്ടറി വി ഡി തോമസ് സംസാരിച്ചു. പുൽപ്പള്ളി മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ ഡോ. കെ എസ് പ്രേമൻ സ്വാഗതവും അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ എ കെ രമേശൻ നന്ദിയും പറഞ്ഞു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ പി കെ സുനിത, വി ടി ഗോപിനാഥ്, പി കെ രതീഷ്, വി എം ജോസഫ്, പി ജെ മാത്യൂസ് പങ്കെടുത്തു.