Kerala
വീണ്ടും കഞ്ചാവുമായി പിടിയിലായി; യുവതിയുടെ ജാമ്യം റദ്ദാക്കി
. തഴക്കര കേസിലെ ജാമ്യവ്യവസ്ഥകള്‍ നിമ്മി ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി സി ഐ സി ശ്രീജിത് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി

മാവേലിക്കര | കഞ്ചാവുകേസില്‍ യുവതിയുടെ ജാമ്യം കോടതി റദ്ദാക്കി . മറ്റൊരു കഞ്ചാവ് കേസില്‍ കൂടി യുവതി പ്രതിയായതോടെയാണ് കോടതി നടപടി. 2020 ഡിസംബര്‍ 28 ന് തഴക്കരയില്‍ ജില്ലാ ആശുപത്രിക്കു സമീപത്തെ വാടകവീട്ടില്‍നിന്നു 30 കിലോ കഞ്ചാവ് പിടിച്ച കേസില്‍ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമായിരുന്നു നിമ്മി.
കായംകുളം ചേരാവള്ളി തയ്യില്‍ തെക്കേതില്‍ നിമ്മിയുടെ (34) ജാമ്യമാണ് മാവേലിക്കര അഡീഷനല്‍ ജില്ലാ ജഡ്ജി വി ജി ശ്രീദേവി റദ്ദാക്കിയത്. നിമ്മി 10 ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നും ഉത്തരവിലുണ്ട്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഒന്നിനു വള്ളികുന്നത്തെ വാടകവീട്ടില്‍നിന്നു നിമ്മിയെ കഞ്ചാവുമായി വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. തഴക്കര കേസിലെ ജാമ്യവ്യവസ്ഥകള്‍ നിമ്മി ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി സി ഐ സി ശ്രീജിത് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. തഴക്കരയില്‍നിന്നു കഞ്ചാവു കണ്ടെടുത്ത കേസിലെ മുഖ്യപ്രതി ഗുണ്ടാനേതാവ് പുന്നമ്മൂട് പോനകം എബനേസര്‍ പുത്തന്‍വീട്ടില്‍ ലിജു ഉമ്മന്‍ (42) അറസ്റ്റിലായിരുന്നു