Connect with us

Kerala

വയറിളക്ക രോഗം; പാനീയ ചികിത്സാ വാരാചരണം ആരംഭിച്ചു

തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. രുചിയിലോ മണത്തിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്. ഭക്ഷണവും വെള്ളവും തുറന്ന് വെക്കരുത്.

Published

|

Last Updated

തിരുവനന്തപുരം | മഴക്കാലമെത്തിയതോടെ വയറിളക്ക രോഗങ്ങള്‍ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും വയറിളക്ക രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. രുചിയിലോ മണത്തിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്. ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചു.

ലോകത്ത് അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളില്‍ മരണ കാരണമാകുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് വയറിളക്ക രോഗം. അസുഖം ബാധിച്ചവര്‍ ശരീരത്തില്‍ ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയായ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വയറിളക്കം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ ആര്‍ എസ് എന്നിവ നല്‍കണം. ഇതുവഴി നിര്‍ജലീകരണം തടയുവാനും രോഗം ഗുരുതരമാകാതിരിക്കുവാനും സാധിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ ആര്‍ എസ്, സിങ്ക് എന്നിവ സൗജന്യമായി ലഭിക്കും. വയറിളക്കം ശമിച്ചില്ലെങ്കില്‍ എത്രയും വേഗം ഡോക്ടറെ കാണണമെന്നും മന്ത്രി നിര്‍ദേശിച്ചു.

പാനീയ ചികിത്സാ വാരാചരണം
വയറിളക്കം മൂലമുള്ള നിര്‍ജലീകരണം കുഞ്ഞുങ്ങളിലും പ്രായമുള്ളവരിലും ഗുരുതരമാകാന്‍ ഇടയുണ്ട്. വയറിളക്ക രോഗങ്ങളുടെ ചികിത്സയില്‍ ഒ ആര്‍ എസിന്റെ (Oral Rehydration Solution) പ്രാധാന്യം ഉള്‍ക്കൊണ്ട് ആരോഗ്യ വകുപ്പ് ഈ മാസം 15 വരെ പാനീയ ചികിത്സാ വാരാചരണം ആചരിക്കും. ഒ ആര്‍ എസിന്റെ പ്രാധാന്യം, തയ്യാറാക്കുന്ന വിധം, വയറിളക്ക രോഗ പ്രതിരോധത്തില്‍ ആഹാര-പാനീയ-വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം, നിര്‍ജലീകരണത്തിന്റെ അപകടം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാനാണ് വാരാചരണം സംഘടിപ്പിക്കുന്നത്. വയറിളക്കമുള്ളപ്പോള്‍ ഒ ആര്‍ എസിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം സിങ്ക് ഗുളികയും നല്‍കേണ്ടതാണ്. ഇതിലൂടെ രോഗം മൂലമുള്ള ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കാനാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
വ്യക്തിശുചിത്വം പാലിക്കുക.
മലമൂത്ര വിസര്‍ജനം ടോയ്‌ലെറ്റുകളില്‍ മാത്രം നടത്തുക.
ആഹാരം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
ഭക്ഷ്യവസ്തുക്കള്‍ ഈച്ച കടക്കാത്തവിധം മൂടി സൂക്ഷിക്കുക.
വൃത്തിയുള്ള ഇടങ്ങളില്‍ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
ഭക്ഷണം കഴിയുന്നതും ചൂടോടെ കഴിക്കാന്‍ ശ്രദ്ധിക്കുക.
ആഹാര അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയരുത്. ശാസ്ത്രീയമായി സംസ്‌കരിക്കുക.
ആഹാര, പാനീയ, വ്യക്തി, പരിസര ശുചിത്വം ഉറപ്പാക്കുന്നതിലൂടെ വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയും.

 

Latest