Articles
മുന്‍കരുതല്‍ വേണം
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള അനേകം സ്ഥലങ്ങള്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഉണ്ട്.

കേരളത്തിന് താങ്ങാവുന്നതിലേറെ മഴയാണ് ഇടതടവില്ലാതെ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഡാമുകള്‍ നിറയാന്‍ അധിക സമയം വേണ്ട. വയനാട്ടില്‍ ഭീതിപ്പെടുത്തുന്ന ഉരുള്‍പൊട്ടലുണ്ടായി. മരണ സംഖ്യ ഉയരുന്നു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള അനേകം സ്ഥലങ്ങള്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഉണ്ട്. മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. 2018ലെ പ്രളയത്തിലേക്ക് നയിച്ച അശാസ്ത്രീയ നടപടികള്‍ ഒഴിവാക്കാന്‍ വിദഗ്ധരുടെ സേവനം അനിവാര്യമായ സമയമാണിത്. ഈ സാഹചര്യത്തില്‍ താഴെ പറയുന്ന മുന്‍ കരുതലുകളെടുക്കാന്‍ സര്‍ക്കാറും ജനങ്ങളും സന്നദ്ധമാകണം.
1. 60 ശതമാനം നിറഞ്ഞ ഡാമുകളില്‍ നിന്ന് 10 ശതമാനം വെള്ളം വേലിയിറക്ക സമയം നോക്കി തുറന്നു വിടുക.
2. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുക.
3. സി ഡബ്ല്യു ആര്‍ ഡി എം, സി ഇ എസ് എസ്, കെ എഫ് ആര്‍ ഐ, ടി ബി ജി ആര്‍ ഐ, കെ എ യു, മൈനിംഗ് ആന്‍ഡ് ജിയോളജി, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപാര്‍ട്ട്‌മെന്റ്, ഡാം സേഫ്റ്റി ഡിപാര്‍ട്ട്‌മെന്റ്, കെ എസ് ഇ ബി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖരുടെ യോഗം വിളിക്കുക, പ്രശ്‌നം വിലയിരുത്തുക, നിര്‍ദേശങ്ങള്‍ സ്വീകരിക്കുക, നടപ്പാക്കുക. ഇത്തരം പ്രശ്‌നങ്ങള്‍ രാഷ്ട്രീയക്കാരല്ല കൈകാര്യം ചെയ്യേണ്ടത്.
4. പാറ, മണല്‍, മണ്ണ്, ചെങ്കല്ല് ഖനനങ്ങള്‍ നിര്‍ത്തിവെക്കുക, വനത്തിലെ മരംമുറി അവസാനിപ്പിക്കുക.
5. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തുക.
6. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജലം പമ്പുചെയ്ത് കളയുന്നതിന് വലിയ പമ്പിംഗ് സെറ്റുകള്‍ ഉപയോഗിക്കുക.
7. വൈദ്യുതി ബന്ധം ഇല്ലാതാകാന്‍ സാധ്യത ഉള്ളതിനാല്‍ ബാറ്ററികളും ചാര്‍ജറുകളും ജനറേറ്ററുകളും തയ്യാറാക്കി വെക്കുക.
8. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുക.
9. ദുരന്ത സ്ഥലങ്ങളിലേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നൈപുണ്യമുള്ള വിദഗ്ധര്‍ മാത്രം പോകുക. രാഷ്ട്രീയക്കാരും പൊതുജനങ്ങളും ദുരന്ത സ്ഥലം കാണാന്‍ പോകുന്നത് ഒഴിവാക്കുക, നിരോധിക്കുക.
10. ദുരിതാശ്വാസ ക്യാമ്പുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുക. വൈദ്യുതി, വെള്ളം, ഭക്ഷണം ഉറപ്പാക്കുക.
11. നദികളുടെ തീരത്ത് 100 മീറ്റര്‍ വരെ ഒട്ടും സുരക്ഷിതമല്ല. സൂക്ഷിക്കുക.
12. സോഷ്യല്‍ മീഡിയ ജനങ്ങളില്‍ ഭീതി പരത്താന്‍ ഉപയോഗിക്കരുത്.
13. അപകട സാധ്യതയുള്ള സ്വകാര്യ, പൊതു സ്ഥലങ്ങളിലെ മരങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വിദഗ്ധ സമിതി വിലയിരുത്തി മാത്രം മുറിക്കുക.