Uae
ഉപ്പ് ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണം; ആരോഗ്യ മന്ത്രാലയം വ്യാപക ബോധവത്കരണത്തിന്
കാമ്പയിന്‍ ഉപ്പിന്റെ അപകടങ്ങളിലേക്കും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിലേക്കും വെളിച്ചം വീശും. പോഷകസമൃദ്ധമായ ഭക്ഷണ സാധ്യതകള്‍ കണ്ടെത്താന്‍ ആളുകളെ പ്രേരിപ്പിക്കും.
ദുബൈ | ഉപ്പ് ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം. അമിതമായ ഉപ്പ് ഉപഭോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഈ സംരംഭം ഉപ്പിന്റെ അപകടങ്ങളിലേക്കും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിലേക്കും വെളിച്ചം വീശും. പോഷകസമൃദ്ധമായ ഭക്ഷണ സാധ്യതകള്‍ കണ്ടെത്താന്‍ ആളുകളെ പ്രേരിപ്പിക്കും.
ഓണ്‍ലൈനില്‍ ബോധവത്കരണ ശില്‍പശാലകള്‍ നടത്തുമെന്നും ഹെല്‍ത്ത് പ്രമോഷന്‍ വകുപ്പ് ഡയറക്ടര്‍ നൗഫ് ഖമീസ് അല്‍ അലി പറഞ്ഞു. ‘ഭക്ഷണം വാങ്ങുന്നതിന്നു മുമ്പ് ലേബലുകള്‍ വായിക്കണം. കൂടാതെ, മന്ത്രാലയം അതിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുകയും യൂണിയന്‍ കോപ്പ്, ചോയിത്രംസ്, ലിവ ഗേറ്റ്, അജ്മാന്‍ മാര്‍ക്കറ്റ്സ് തുടങ്ങിയ പങ്കാളികളുമായി സഹകരിച്ച് ഉയര്‍ന്ന ഉപ്പ് ഉപഭോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുകയും ചെയ്യും. ക്ലിക്കോണ്‍ സഹകരണത്തോടെ വീഡിയോ പ്രചാരണം നടത്തും.
പ്രബോധന വീഡിയോകളിലൂടെ ഉപ്പ് കുറഞ്ഞ പാചകക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിനുള്ള പ്രായോഗിക വൈദഗ്ധ്യം നല്‍കും. ഭക്ഷ്യ ഉത്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന ലവണങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ വലുതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, രക്തചംക്രമണ പ്രശ്നങ്ങള്‍, പക്ഷാഘാതം തുടങ്ങിയവ അമിതമായ ഉപ്പ് കഴിക്കുന്നതിന്റെ ബാക്കിപത്രമാണ്. ആരോഗ്യകരമായ ഭക്ഷണരീതികള്‍ അവലംബിക്കാന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രചോദിപ്പിക്കാന്‍ ഞങ്ങള്‍ എല്ലാ ശ്രമവും നടത്തും.’ -അല്‍ അലി കൂട്ടിച്ചേര്‍ത്തു.