Connect with us

Kerala

പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത വേണം; നിര്‍ദേശങ്ങളുമായി ആരോഗ്യ മന്ത്രി

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വേനല്‍മഴ പെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഉഷ്ണ തരംഗത്തിനു പിന്നാലെ വേനല്‍ മഴയും എത്തിയതോടെ വിവിധതരം പകര്‍ച്ചപ്പനികള്‍ക്ക് സാധ്യതയുണ്ടെന്ന് മന്ത്രി മുന്നറിയിപ്പു നല്‍കി. ഈ സാഹചര്യത്തില്‍ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ഉന്നതതല യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം. പൊതുതാമസ ഇടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണം ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും ശുചീകരിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുകയും വിദ്യാലയങ്ങളിലെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുകയും ചെയ്തു.

ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും. ആശുപത്രികള്‍ മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തി ലഭ്യത ഉറപ്പാക്കും. മരുന്നുകളുടെ സ്റ്റോക്ക് 30 ശതമാനത്തിന് താഴെയാകുന്നതിന് മുമ്പ് അറിയിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

കേരള പൊതുജനാരോഗ്യ നിയമം പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും. പൊതു ജല സ്രോതസ്സുകള്‍ ശുദ്ധമായി സൂക്ഷിക്കുക എന്നത് ഉത്തരവാദപ്പെട്ടവരുടെ ചുമതലയാണ്. അതിനാല്‍ അവ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം. മഞ്ഞപ്പിത്തം ബാധിച്ചവര്‍ സെക്കന്‍ഡറി ഇന്‍ഫക്ഷന്‍ വരാതിരിക്കാന്‍ ആറാഴ്ച വിശ്രമിക്കണം. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശിച്ചു. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് കാമ്പയിന്‍ സംഘടിപ്പിക്കണം. പഞ്ചായത്തുകളില്‍ മൈക്ക് അനൗണ്‍സ്മെന്റ് ഉള്‍പ്പെടെ നടത്തണം.

ജില്ലകളിലെ സാഹചര്യവും ചെയ്ത പ്രതിരോധ പ്രവര്‍ത്തനങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ യോഗത്തില്‍ വിവരിച്ചു. എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ സ്ഥലങ്ങളിലും വെള്ളത്തിലൂടെയാണ് മഞ്ഞപ്പിത്തം ഉണ്ടായതെന്നാണ് കണ്ടെത്തിയത്. രോഗബാധിത പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്ത്രോതസ്സുകളിലും ക്ലോറിനേഷന്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡെങ്കിപ്പനി ഹോട്ട് സ്പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കും. കൊതുകുകളുടെ ഉറവിട നശീകരണത്തിനായി തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനത്തോടെയും പൊതുജന പങ്കാളിത്തത്തോടെയും ഡ്രൈ ഡേ കൃത്യമായി ആചരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. 18, 19 തീയതികളില്‍ കൃത്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം. മലിന ജലത്തിലോ മലിനജലം കലര്‍ന്ന മഴവെള്ളത്തിലോ ഇറങ്ങിയവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം.’ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്തു.

 

Latest