Connect with us

National

കാവേരി നദീജല തര്‍ക്കം; ബെംഗളുരുവില്‍ ഇന്ന് ബന്ദ്

കര്‍ഷക നേതാവ് കുറുബുരു ശാന്തകുമാറിന്റെ നേതൃത്വത്തില്‍ കര്‍ണാടക ജല സംരക്ഷണ സമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Published

|

Last Updated

ബെംഗളുരു| കര്‍ണാടക തമിഴ്നാടിന് കാവേരി ജലം വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ച് ബെംഗളുരുവില്‍ ഇന്ന് ബന്ദ്. കര്‍ഷക നേതാവ് കുറുബുരു ശാന്തകുമാറിന്റെ നേതൃത്വത്തില്‍ കര്‍ഷക സംഘടനകളുടെയും മറ്റ് സംഘടനകളുടെയും കൂട്ടായ്മയായ കര്‍ണാടക ജല സംരക്ഷണ സമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കാവേരി നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി തമിഴ്നാടും കര്‍ണാടകയും തര്‍ക്കത്തിലാണ്. സെപ്തംബര്‍ 13 മുതല്‍ 15 ദിവസത്തേക്ക് തമിഴ്നാടിന് 5,000 ക്യുസെക്സ് വെള്ളം വിട്ടുനല്‍കാന്‍ കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റി(സിഡബ്ല്യുഎംഎ) കര്‍ണാടകയോട് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളിയതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണം. അതേസമയം കുടിവെള്ളത്തിനും ജലസേചനത്തിനും ആവശ്യങ്ങളുള്ളതിനാല്‍ വെള്ളം തുറന്നുവിടാന്‍ കഴിയില്ലെന്ന നിലപാടിലാണ് കര്‍ണാടക സര്‍ക്കാര്‍.

ബന്ദിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്ച അര്‍ധരാത്രി വരെ ബെംഗളുരു നഗരത്തില്‍ പോലീസ് സിആര്‍പിസിയുടെ 144 സെക്ഷന്‍ ഏര്‍പ്പെടുത്തി. കൂടാതെ, നഗരത്തിലെ ഘോഷയാത്രകള്‍ക്കും അനുമതി നിഷേധിച്ചിട്ടുണ്ട്. അതേസമയം സ്വമേധയാ ബന്ദില്‍ പങ്കെടുക്കാം. എന്നാല്‍ ബലപ്രയോഗത്തിലൂടെ നിര്‍ബന്ധിതമായി ബന്ദ് നടപ്പിലാക്കാന്‍ കഴിയില്ല. കൂടാതെ നഗരത്തിന്റെ കാവലിനായി നൂറോളം പ്ലാറ്റൂണുകളെ വിന്യസിക്കുമെന്നും ബെംഗളുരു പോലീസ് കമ്മീഷണര്‍ പറഞ്ഞു.

ബന്ദിന്റെ പശ്ചാത്തലത്തില്‍ ബെംഗളുരു നഗരത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചതായി ബെംഗളുരു അര്‍ബന്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ദയാനന്ദ കെ എ അറിയിച്ചു. ബെംഗളുരുവിലെ മെട്രോ സര്‍വീസുകള്‍ക്ക് ബന്ദ് ബാധകമല്ല. സിറ്റി ബസ് സര്‍വീസുകളെ ബന്ദ് പൂര്‍ണമായി ബാധിക്കില്ലെന്ന് ബെംഗളുരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) അധികൃതര്‍ അറിയിച്ചു. എന്നാല്‍ കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് ബസുകള്‍ക്കുള്ള പ്രവേശനം നിര്‍ത്തിവച്ചിരിക്കുകയാണ്.

 

 

---- facebook comment plugin here -----

Latest