Connect with us

National

ബേങ്ക് തട്ടിപ്പ് കേസ് പ്രതിയെ കാല്‍ നൂറ്റാണ്ടിനുശേഷം അമേരിക്കയില്‍ നിന്നും പിടികൂടി സി.ബി.ഐ

ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് സിബിഐ പ്രതിയെ പിടികൂടിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| ബേങ്ക് തട്ടിപ്പ് കേസ് പ്രതിയെ 25 വര്‍ഷത്തിനുശേഷം അമേരിക്കയില്‍ നിന്ന് പിടികൂടി ഇന്ത്യയിലേക്കെത്തിച്ച് സിബിഐ. പ്രതി രാജീവ് മേത്തയെയാണ് സിബിഐ പിടികൂടിയത്. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് സിബിഐ പ്രതിയെ പിടികൂടിയത്.

1998ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ്-2ലെ സെന്‍ട്രല്‍ ബേങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ വ്യാജ ബേങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് രാജീവ് മേത്ത തട്ടിപ്പ് നടത്തിയത്. മറ്റ് അക്കൗണ്ടുകളിലേക്ക് വരുന്ന നിക്ഷേപങ്ങള്‍ മേത്തയുടെ വ്യാജ അക്കൗണ്ടുകളിലേക്ക് എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് സി.ബി.ഐ പറഞ്ഞു. ഇതേതുടര്‍ന്ന് രാജീവ് മേത്തയെ 1999ല്‍ പ്രഖ്യാപിത കുറ്റവാളിയായി കോടതി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് രാജീവ് മേത്ത തെളിവുകള്‍ അവശേഷിപ്പിക്കാതെ നാടുവിടുകയായിരുന്നു.

വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന കേസുകളിലാണ് രാജീവ് മേത്ത സി.ബി.ഐയുടെ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായി സി.ബി.ഐ ഏതുനിമിഷവും എത്തുമെന്നിരിക്കെയാണ് രാജീവ് രാജ്യം വിട്ടത്. രാജീവ് മേത്ത ഇന്ത്യ വിടുമെന്ന് സി.ബി.ഐക്ക് ഉറപ്പായിരുന്നു. അതനുസരിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഏത് രാജ്യത്തേക്കാണ് കടന്നതെന്ന് കണ്ടെത്താന്‍ സിബിഐക്ക് സാധിച്ചില്ല.

തുടര്‍ന്ന് സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായം തേടി. മേത്തയെ അറസ്റ്റ് ചെയ്യാനും കൈമാറാനും അവകാശം നല്‍കുന്ന റെഡ് നോട്ടീസ് ഇന്റര്‍പോളിന് രാജീവ് മേത്തയുടെ പേരില്‍ 2000ല്‍ സി.ബി.ഐ കൈമാറുകയും ചെയ്തു. ലോകമാകെ ഇന്റര്‍പോള്‍ മേത്തക്കായി അന്വേഷണം നടത്തി. ഒടുവില്‍ യു.എസില്‍ നിന്ന് ഇയാളുമായി സാദൃശ്യമുള്ള ആളെക്കുറിച്ച് വിവരങ്ങള്‍ ഇന്റര്‍പോളിന് ലഭിച്ചു. തുടര്‍ന്ന് അന്വേഷിക്കുന്ന ആള്‍ ഇതുതന്നെയെന്ന് വ്യക്തമാക്കിയ യു.എസ് അധികൃതര്‍ മേത്തയെ അറസ്റ്റ് ചെയ്ത് സി.ബി.ഐക്ക് കൈമാറുകയുമായിരുന്നു.