National
കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ സ്ഥാപനങ്ങൾ ഉൾപ്പെട 15 ഇടങ്ങളിൽ സി ബി ഐ റെയ്ഡ്
ആർജി കാർ ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിലെ ഡോ.ദേബാശിഷ് സോമിൻ്റെ വീട്ടിലും സിബിഐ സംഘം എത്തിയിട്ടുണ്ട്.
കൊൽക്കത്ത | ട്രെയിനി ഡോക്ടർ ക്രൂരമായ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിന്റെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിൻ്റെ സ്ഥാപനങ്ങൾ ഉൾപ്പെടെ 15 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ്. ഞായറാഴ്ച രാവിലെയാണ് റെയ്ഡ് തുടങ്ങിയത്. ഏജൻസി രജിസ്റ്റർ ചെയ്ത അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നടപടി.
ആർജി കാർ ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിലെ ഡോ.ദേബാശിഷ് സോമിൻ്റെ വീട്ടിലും സിബിഐ സംഘം എത്തിയിട്ടുണ്ട്. സന്ദീപ് ഘോഷുമായി വളരെ അടുപ്പമുള്ളയാളാണ് ദേബാശിഷ് സോം. കൊൽക്കത്തയിലെ കേഷ്തോപൂരിലാണ് ദേബാശിഷിൻ്റെ വീട്.
ആ ജി കർ ആശുപത്രിയിൽ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ശനിയാഴ്ചയാണ് അന്വേഷണ ഏജൻസി കേസ് ഫയൽ ചെയ്തത്. ഘോഷ് പ്രിൻസിപ്പലായിരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ച് ആശുപത്രി മുന് ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഓഗസ്റ്റ് 9 ന് ഇവിടെ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവവും സി ബി ഐ അന്വേഷിക്കുന്നുണ്ട്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തന്നെയാണ് പശ്ചിമ ബംഗാൾ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് സി ബി ഐ കേസിന്റെ അന്വേഷണം ഏറ്റെടുത്തത്.