National
തിഹാര്‍ ജയിലില്‍ കഴിയുന്ന കെ കവിതയുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തി
തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കവിത വിമര്‍ശിച്ചു
ന്യൂഡല്‍ഹി | ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തി. തിഹാര്‍ ജയിലിലെത്തിയാണ് സിബിഐ കവിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ കവിതയെ സിബിഐ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് തിഹാര്‍ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
മാര്‍ച്ച് 15നാണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കവിതയെ ഹൈദരാബാദില്‍ നിന്ന് ഇഡി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മാര്‍ച്ച് 26 മുതല്‍ കവിത തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഡല്‍ഹി റോസ് അവന്യൂ കോടതി ഏപ്രില്‍ 23 വരെ നീട്ടിയിരുന്നു.
ഇടക്കാല ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി കസ്റ്റഡി കാലാവധി നീട്ടിയത്. ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഇഡി കോടതിയില്‍ വാദിച്ചിരുന്നു. അതേസമയം തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കവിത വിമര്‍ശിച്ചു. ഏപ്രില്‍ ആറിനാണ് ബിആര്‍എസ് നേതാവ് കെ കവിതയെ തിഹാര്‍ ജയിലിലെത്തി സിബിഐ ചോദ്യം ചെയ്തത്.