lakshadweep mp
ലക്ഷദ്വീപ് എം പിക്കെതിരെ സി ബി ഐ കേസെടുത്തു
ടൂണ മത്സ്യം കയറ്റുമതിയിൽ ക്രമക്കേട് കണ്ടെത്തിയെന്ന് അവകാശപ്പെട്ടാണ് സി ബി ഐ ലോക്സഭാ അംഗത്തിനെതിരെ കേസെടുത്തത്.
ന്യൂഡൽഹി | ലക്ഷദ്വീപ് എം പിയും എൻ സി പി നേതാവുമായ മുഹമ്മദ് ഫൈസലിനെതിരെ സി ബി ഐ കേസെടുത്തു. ടൂണ മത്സ്യം കയറ്റുമതിയിൽ ക്രമക്കേട് കണ്ടെത്തിയെന്ന് അവകാശപ്പെട്ടാണ് സി ബി ഐ ലോക്സഭാ അംഗത്തിനെതിരെ കേസെടുത്തത്. ലക്ഷദ്വീപ് കോഓപറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (എൽ സി എം എഫ്) മുഖേന സംഭരിച്ച ഉണക്ക ടൂണ മൽസ്യം ശ്രീലങ്കയിലേക്ക് കയറ്റുമതി ചെയ്തതിൽ ഒമ്പത് കോടി നഷ്ടം സംഭവിച്ചുവെന്നാണ് സി ബി ഐ പറയുന്നത്. അഞ്ച് വർഷം മുമ്പാണ് ഇക്കാര്യങ്ങൾ നടന്നത്.
ഫൈസലിന്‍റെ ബന്ധുവും ശ്രീലങ്കൻ കമ്പനിയുടെ പ്രതിനിധിയുമായ മുഹമ്മദ് അബ്ദുർറാസിഖ് തങ്ങൾ, ശ്രീലങ്കയിലെ കയറ്റുമതി കമ്പനിയായ എസ് ആർ ടി ജനറൽ മർച്ചന്‍റ് ഇംപോർട്ടേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ്, ലക്ഷദ്വീപ് കോഓപറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എം പി അൻവർ എന്നിവരും കേസിൽ പ്രതികളാണ്. ജൂൺ 24ന് കവരത്തിയിലെ എൽ സി എം. എഫ് ഓഫിസിലും കോഴിക്കോട്ടും മിന്നൽ പരിശോധന നടത്തിയിരുന്നു.
2016- 17 കാലയളവിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പരിശോധന. തുടർന്ന് ന്യൂഡൽഹിയിലെ സി ബി ഐ ഓഫിസറുടെ പരാതിയിൽ കേസെടുക്കുകയായിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിൻ്റെ ജനവിരുദ്ധ പരിഷ്കാരങ്ങൾക്കെതിരെ എം പിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.